പാളിപ്പോയ യൂറോപ്യന്‍ ട്രിപ്പ് അഥവാ പോകാനേ പാടില്ലായിരുന്ന ഒരു യാത്രയുടെ വിവരണം | പാര്‍ട് I


ബാല്‍കണ്‍ റീജിയണിലൂടെ ഒരു യാത്ര മനസ്സിലിട്ട് നടക്കുകയായിരുന്നു. സഞ്ചാരം ചാനലില്‍ മ്മടെ ജോര്‍ജ് കുളങ്ങര സെര്‍ബിയയില്‍ നിന്നും മോണ്ടിനെഗ്രോയിലേക്ക് ഉള്ള ട്രെയിന്‍ യാത്രയുടെ സുന്ദരവിവരണം നടത്തിയത് മനസ്സില്‍ ഉടക്കിയതാണ്‌ ഇങ്ങനെയൊരു പ്ലാന്‍ പൂവിടാന്‍ തന്നെ കാരണം. 10 ദിവസത്തെ വാര്‍ഷിക ലീവ് ബാക്കിയുണ്ട്. ഡിസംബറിനു മുന്നെ എടുത്ത് തീര്‍ക്കുകയും വേണം. വൈഫിനു ലീവില്ല, നാട്ടില്‍ വെക്കേഷനു പോയി വന്നിട്ട് അധിക നാളായില്ല. സ്കൂള്‍ വെക്കേഷന്‍ സമയവും അല്ലാത്തത് കൊണ്ട് തന്നെ ഫാമിലി ട്രിപ്പിനുള്ള സ്കോപ്പില്ല. ഒന്ന് രണ്ട് സുഹൃത്തുക്കൾ ഒരു തീരുമാനം പറയാതെ കയ്യാലപ്പുറത്തെ തേങ്ങ പോലെ നില്‍പുണ്ട്. അവര്‍ വന്നില്ലെങ്കില്‍ തനിയേ ഇറങ്ങിത്തിരിക്കേണ്ടി വരും..

സെര്‍ബിയയും ബോസ്നിയയും മോണ്ടിനെഗ്രൊയും ചേര്‍ത്ത് ഒരു ഇനീഷ്യല്‍ പ്ലാന്‍ തയ്യാറാക്കി. ഷെങ്ഗന്‍ വിസ അപ്ലിക്കേഷന്‍ വിവരങ്ങള്‍ അരിച്ച് പെറുക്കി വായിച്ച് കൊണ്ടിരുന്നു. ഷെങ്ഗന്‍ വിസ ഉണ്ടെങ്കില്‍ ഒരുമാതിരി എല്ലാ ബാല്‍കണ്‍ രാജ്യങ്ങളിലും കടക്കാം. ഫ്ലൈറ്റ് ടിക്കറ്റ് ഇടക്കിടെ ചെക്ക് ചെയ്തോണ്ടിരുന്നു. ഒരു ദിവസം എങ്ങു നിന്നോ വന്നൊരു ഡിസ്കൗണ്ട് ടിക്കറ്റ് ദേ മുന്നില്‍ വന്ന് വീണ്‌ കിടക്കുന്നു. വെറും 400 ദിര്‍ഹം (ഇന്ത്യന്‍ രൂപ 7,500) നിരക്കില്‍ ദുബായില്‍ നിന്നും ഹങ്കറിയിലേക്ക് റിട്ടേണ്‍ ടിക്കറ്റ് (Wizz Air). സലീം കുമാര്‍ പറഞ്ഞ പോലെ എനിക്ക് വട്ടായതാണോ അതോ വിമാന കമ്പനിക്ക് വട്ടായി പോയതാണോ എന്ന് സത്യത്തില്‍ സംശയിച്ച് പോയി. രണ്ടാമതൊന്ന് ആലോചിക്കാതെ ടിക്കറ്റ് എടുത്തു. യാത്ര അതോടെ ഉറപ്പായി. കൂടെ വരാമെന്നേറ്റിരുന്നവര്‍ ഓരോരുത്തരായി ജോലി സാഹചര്യങ്ങളാലും മറ്റു വ്യക്തിപരമായ കാരണങ്ങളാലും വരാന്‍ സാധിക്കില്ലെന്നറിയിച്ചു. സോളോ പോകാന്‍ അവര്‍ തന്നെ എന്നെ ഉല്‍സാഹിപ്പിച്ചു. ഞാനും മാനസികമായി തയ്യാറായി.

ദുബായ് വാഫി മാളിലുള്ള VFS ല്‍ ഹങ്കേറിയന്‍ എംബസിയിലാണ്‌ വിസക്ക് അപ്ലൈ ചെയ്തത്. കമ്പനിയില്‍ നിന്നുള്ള ലെറ്ററും ബാങ്ക് സ്റ്റേറ്റ്മെന്റും വിമാന ടിക്കറ്റും ഹോട്ടല്‍ ബുക്കിങ്ങും തുടങ്ങി എല്ലാ രേഖകളും ശരിയാക്കി നല്ലൊരു ട്രിപ്പ് പ്ലാന്‍ സഹിതം അപേക്ഷ നല്‍കി. 10 ദിവസമെങ്കിലും എടുക്കും വിസ കിട്ടാന്‍ എന്നാണ്‌ കണക്ക്. എനിക്ക് 3 ദിവസം കഴിഞ്ഞപ്പോള്‍ തന്നെ മെസ്സേജ് വന്നു പാസ്പോര്‍ട് കളക്ട് ചെയ്യാന്‍. ടൂര്‍ കമ്പനി നടത്തുന്ന സുഹൃത്ത് ഫാസില്‍ അപ്പോളേ ഒരു ദുസ്സൂചന തന്നു. ഇത്രേം നേരത്തെ മെസ്സേജ് വരുന്നത് എന്തേലും തകരാറുണ്ടെങ്കില്‍ ആകാം എന്ന്. എന്തായാലും ഞാന്‍ ഒട്ടും അമാന്തിക്കാതെ തന്നെ ചെന്ന് പാസ്പോര്‍ട് കൈപറ്റി തുറന്ന് നോക്കി. Status: Rejected!

എന്റെ യാത്രയുടെ ഉദ്ദേശലക്ഷ്യം ലവന്മാര്‍ക്ക് വിശ്വാസയോഗ്യമായി തോന്നിയില്ല പോലും. VFS സ്റ്റാഫിനോട് ചൊദിച്ചപ്പോള്‍ ഹോട്ടല്‍ ബുക്കിങ്ങ് രേഖകള്‍ കറക്ട് അല്ലെങ്കില്‍ ഇങ്ങനെ സംഭവിക്കാറുണ്ടെന്ന് പറഞ്ഞു. കറക്ട് വിവരങ്ങള്‍ അറിയാന്‍ ഒരു വഴിയുമില്ലെന്നും പറഞ്ഞു തന്നു. വലിയ ഉപകാരം :(
ടിക്കറ്റ് ഡേറ്റ് അധികം ദിവസങ്ങള്‍ അകലെയല്ല, എന്റെ ചങ്കിടിച്ചു തുടങ്ങി. 4 ദിവസത്തിനുള്ളില്‍ തന്നെ പുതിയ ഹോട്ടല്‍ ബുക്കിങ്ങ് (ഡമ്മി) എല്ലാം സെറ്റാക്കി, പ്ലാന്‍ മൊത്തം മാറ്റിയെഴുതി, ഹങ്കറിയില്‍ 5 ദിവസവും സെര്‍ബിയയില്‍ 2 ദിവസവും എന്ന രീതിയില്‍ വളരെ സിമ്പിളായ ഒരു പ്ലാന്‍ ആക്കി മാറ്റി. വിസ കിട്ടുന്ന വരെയേ ഈ പ്ലാനിനു പ്രസക്തിയുള്ളൂ. കൈയില്‍ വിസ കിട്ടികഴിഞ്ഞാല്‍ പിന്നെ എവിടെയൊക്കെ പോകണമെന്നത് നമ്മുടെ ഇഷ്ടം പോലെയാകാം. പതിയെ പതിയെ കാര്യങ്ങള്‍ പിടികിട്ടി കൊണ്ടിരിക്കുന്നേ ഉള്ളൂ. സെര്‍ബിയ പോകണമെങ്കില്‍ എനിക്ക് മള്‍ടിപ്പിള്‍ എണ്ട്രി വിസ തന്നെ വേണം. ഇല്ലെങ്കില്‍ ഷെങ്ഗന്‍ വിട്ട് പുറത്ത് കടക്കാനൊക്കില്ല. രണ്ടാം നാള്‍ തന്നെ എനിക്ക് എംബസിയില്‍ നിന്നും കോള്‍ വന്നു. എന്തിനു പോകുന്നു, എന്തൊക്കെയാണ്‌ പ്ലാന്‍, എങ്ങനെയാണ്‌ അവിടെ യാത്ര, ആരൊക്കെയുണ്ട് കൂടെ.. അങ്ങനെ ഒരു പത്തിരുപത് ചോദ്യങ്ങള്‍. എല്ലാറ്റിനും കൃത്യമായി മറുപടി കൊടുത്തു. ഫാസിലിന്റെ പ്രവചനം വീണ്ടും എത്തി. കോള്‍ വന്നിട്ടുണ്ടെങ്കില്‍ വിസ ഇനിയെന്തായാലും കിട്ടുമെന്ന്. ഒരു ആഴ്ചക്കുള്ളില്‍ വിസ പതിച്ചു കിട്ടി. സന്തോഷം ഇരച്ചു കയറും മുന്നേ വിസ ടൈപ്പില്‍ എന്റെ കണ്ണുടക്കി.
Visa Type: Single Entry
തെണ്ടികള്‍ പിന്നേം പണി തന്നിരിക്കുന്നു. ഇതും വെച്ച് എനിക്ക് സെര്‍ബിയ പോകാന്‍ കഴിയില്ല. എന്റെ ബാല്‍കണ്‍ പ്ലാന്‍ ഖുദാ ഗവാ :(

വിമാന ടിക്കറ്റും വിസ സ്റ്റാമ്പ് ചെയ്ത് കിട്ടിയ പാസ്പോര്‍ടും കൈയ്യില്‍ വെച്ച് ഞാന്‍ നെടുവീര്‍പ്പിട്ട് ഇരുന്നു ചിന്തിച്ചു. മര്യാദയ്ക്ക് റിസര്‍ച്ച് ചെയ്ത് എഴുതി ഉണ്ടാക്കിയ detailed itinerary ഡെസ്ക്ടോപ്പില്‍ തളര്‍ന്ന് കിടക്കുന്നു. 2 ദിവസം സത്യത്തില്‍ എന്ത് ചെയ്യണമെന്നറിയാതെ ചത്തിരുന്നു. ശേഷം, ഗൂഗിള്‍ മാപ്പും തുറന്ന് വെച്ച് ഷെങ്ഗന്‍ രാജ്യങ്ങളിലൂടെ ഉള്ള ഒരു റൂട് തയ്യാറാക്കി തുടങ്ങി.
Hungary - Austria - Germany - Czech Republic - Hungary
ഇങ്ങനെ ഒരു വട്ടം മനസ്സില്‍ കണ്ട് റിസര്‍ച്ച് തുടങ്ങി. മനപ്പൂര്‍വ്വം സ്വിസ്, പാരീസ് തുടങ്ങിയ പ്രമുഖ സ്ഥലങ്ങള്‍ ഒഴിവാക്കി. എന്നെങ്കിലും ഫാമിലി ആയി പോകാന്‍ ആയി മാറ്റി വെച്ചതാണ്‌ :)
ഹങ്കറിയിലെ ബുഡാപെസ്റ്റില്‍ നിന്നും തുടങ്ങി Vienna വഴി Salzburg ചെന്ന് അവിടുന്ന്  Munich, അവിടെ Dachau concentration camp memorial വിസിറ്റ്,  ശേഷം Regensburg വഴി Prague, അവിടെ ചെന്ന് ചെക്കില്‍ തന്നെയുള്ള Teplice Rocks Hiking, തിരിച്ച് Budapest. ദിദാണ്‌ പ്ലാന്‍ :)

പോളണ്ടില്‍ ഇരുന്ന് വര്‍ക്ക് ഫ്രം ഹോം ചെയ്യുന്ന ഓഫീസിലെ സുഹൃത്ത് ഡൊമിനിക് ആയി ഈ വിവരങ്ങള്‍ സംസാരിച്ചു. Hiking suggestions ചോദിക്കുന്നതിനിടയില്‍ Teplice Rocks കടന്ന് വന്നപ്പോള്‍ മച്ചാന്‍ പെട്ടെന്നൊരു ചിരിയായിരുന്നു.  "So, you're very near to my place. I could come and pick you up from there!". എന്റെ മനസ്സില്‍ ലഡ്ഡു പൊട്ടി, പ്ലാന്‍ വീണ്ടും മാറി, Teplice നിന്നും Poland, അവിടുന്ന് Bratislava (Slovakia) വഴി Budapest എന്നാക്കി പ്ലാന്‍. Poland തന്നെയുള്ള Zakopane മലനിരകളില്‍ ഒരു Hiking കൂട്ടി ചേര്‍ത്തു. പ്ലാന്‍ കണ്‍ഫേം ആക്കി സീല്‍ ചെയ്തു :)

വളരെ യാദൃശ്ചികമായി  യാത്രയുടെ ആദ്യ 2 ദിവസങ്ങളിലേക്ക് എനിക്കൊരു കൂട്ട് കിട്ടി. നേരത്തെ സൂചിപ്പിച്ച സുഹൃത്ത് ഫാസില്‍ ലണ്ടനിലേക്ക് ഒരു എക്സിബിഷനു പോകുന്നത് ബുഡാപെസ്റ്റ് വഴിയാണ്‌. same day same ticket. ചെറിയൊരു സമാധാനമായി. ഒറ്റക്കുള്ള യാത്രക്ക് എന്തോ മനസ്സിപ്പോളും പൂര്‍ണമായും സെറ്റാകാത്ത പോലെ ഒരു ഫീലിങ്ങ്. എല്ലാ ദിവസത്തേയും താമസം ഹോസ്റ്റലുകളില്‍ ബുക്ക് ചെയ്തു. കിടക്കാനൊരു ബെഡും ബാഗ് സൂക്ഷിക്കാനൊരു ലോക്കറും അല്ലേ വേണ്ടൂ. റൂം എടുക്കേണ്ട ആവശ്യമില്ല. 50 ദിര്‍ഹം ആവറേജ് നിരക്കില്‍ ഹോസ്റ്റല്‍ ബെഡുകള്‍ ലഭ്യമാണ്‌, അത് കണ്‍ഫേം ചെയ്തിട്ടു.  എല്ലാ ദിവസത്തേയും യാത്രകള്‍ക്കുള്ള ബസ് / ട്രെയിന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്തു തുടങ്ങി. Flix bus ആണ്‌ കൂടുതലും നോക്കിയത്. അവരുടെ ടിക്കറ്റ് നിരക്ക് കുറവാണ്‌. ഓണ്‍ലൈന്‍ ടിക്കറ്റ് എടുക്കുമ്പോള്‍ അവിടെ നിന്നും നേരിട്ട് വാങ്ങുന്നതിനേക്കാള്‍ നിരക്ക് കുറവാണ്‌. യാത്രാ സമയം അനുസരിച്ചും നിരക്ക് മാറിമറിയുന്നുണ്ട്. അത്യാവശ്യം സമയം ചിലവഴിച്ച് തന്നെ ഏറ്റവും ചിലവ് കുറവില്‍ ഒരു വിധം എല്ലാ ടിക്കറ്റും കണ്‍ഫേം ചെയ്തു. നാട്ടിലേക്ക് ഒരു കുഞ്ഞു വെക്കേഷനു പോയി വരുന്നതിനേക്കാള്‍ ചിലവ് കുറവില്‍ ഈ യൂറോപ്യന്‍ ട്രിപ്പ് നടത്തണമെന്ന് എനിക്ക് ഒരു ചെറിയ വാശിയുണ്ടായിരുന്നു.

October 28:
മുന്‍പ് പോയിട്ടുള്ള യാത്രകളില്‍ നിന്നെല്ലാം ഈ യാത്ര വ്യത്യസ്തമാണെന്ന് മനസ്സ് പറഞ്ഞു. തയ്യാറെടുപ്പുകള്‍ ഒന്നും ശരിയാകാത്ത പോലെ. എന്തോ ഒരു ഉഷാറു കുറവ് തലക്കുള്ളില്‍ അടിക്കുവാണ്‌. തലേന്ന് രാത്രി യൂറോപ്യന്‍ മോഡല്‍ ചാര്‍ജര്‍ വാങ്ങാന്‍ ഷോപ്പുകള്‍ കയറിയിറങ്ങി നടന്നു. പാക്ക് ചെയ്യാനൊന്നും കാര്യമായിട്ടില്ല. ഉപയോഗിച്ച് പഴകിയ 2 ജീന്‍സ്, 4 ടീ ഷര്‍ട് എടുത്ത് ബാഗിലിട്ടു. ബ്രഷ്, ടവ്വല്‍, ഷേവിങ്ങ് സെറ്റ്, വാട്ടര്‍ ബോട്ടില്‍, 2 പുസ്തകങ്ങള്‍ കൂടി എടുത്ത് വെച്ചു.

October 29:
രാവിലെ വീട്ടില്‍ യാത്ര പറഞ്ഞിറങ്ങി. ഓഫീസിനടുത്താണ്‌ എയര്‍പോര്‍ട്, വര്‍ക്ക് കഴിഞ്ഞ് നേരെ അവിടുന്ന് പോകുകയേ ഉള്ളൂ. വീട്ടില്‍ വിളിച്ച് മോളോട് ഉപ്പ തിരിച്ച് വരുമ്പോല്‍ കുറെ സാധനങ്ങള്‍ കൊണ്ട് വരാമെന്നൊക്കെ പറഞ്ഞു. ഒട്ടും സന്തോഷമില്ലാതെയാണ്‌ മനസ്സിരിക്കുന്നത്. കൂട്ടുകാരന്‍ ജാബു എന്നേം ഫാസില്‍നേം എയര്‍പോര്‍ടില്‍ വിട്ടു. ബാഗ് വലിപ്പം കൂടിയെന്നും പറഞ്ഞ് ഫാസിലിന്‌ ഫൈന്‍ അടക്കേണ്ടി വന്നു. ഞാന്‍ കുറച്ച് ഡയലോഗൊക്കെ അടിച്ച് ആ ഭീഷണിയെ അതിജീവിച്ചു. ബഡ്ജറ്റ് എയര്‍ലൈന്‍സ് ഇങ്ങനെയൊക്കെയാണ്‌ യാത്രക്കാരെ പിഴിയുന്നത്. Wizz Air കറക്ട് സമയത്ത് തന്നെ ഞങ്ങളേയും കൊണ്ട് പറന്ന് പൊങ്ങി..





Comments

Popular posts from this blog

കമ്മ്യുണിസ്റ്റ് പച്ച

പാളിപ്പോയ യൂറോപ്യന്‍ ട്രിപ്പ് അഥവാ പോകാനേ പാടില്ലായിരുന്ന ഒരു യാത്രയുടെ വിവരണം | പാര്‍ട് II

റഷ്യൻ ലോകകപ്പ് യാത്ര, മുന്നൊരുക്കങ്ങൾ