പാളിപ്പോയ യൂറോപ്യന്‍ ട്രിപ്പ് അഥവാ പോകാനേ പാടില്ലായിരുന്ന ഒരു യാത്രയുടെ വിവരണം | പാര്‍ട് II


October 30:
പുലര്‍ച്ചെ ബുഡാപെസ്റ്റ് എയര്‍പോര്‍ടില്‍ ഇറങ്ങി. ചെറിയ ക്യൂ ഉണ്ടായിരുന്നു. Bolt taxi (same like Uber) വിളിച്ച് ഞങ്ങള്‍ റൂം ലൊക്കേഷന്‍ എത്തി. കെട്ടിടത്തിനകത്ത് കയറാനൊക്കുന്നില്ല. കതക് തുറക്കണമെങ്കില്‍ പുറത്ത് ചുമരിലുള്ള കീ പാഡില്‍ പാസ് വേര്‍ഡ് അടിക്കണം. ഫാസിലിന്റെ ഫോണ്‍ കറക്ട് സമയത്ത് ഓഫായി ഇരിപ്പുണ്ട്. എന്റെ ഫോണിലാണെങ്കില്‍ യൂറോ സിം ഇല്ല, ഡാറ്റയും ഇല്ല. കൊടും തണുപ്പത്ത് ചുറ്റുവട്ടത്ത് പരതി നടന്നു. ഒടുവില്‍ ഒരു ഫ്രീ wifi കണ്ട് പിടിച്ചു. എന്റെ ഫോണില്‍ അവന്റെ ഇമെയില്‍ തുറന്ന് തപ്പി. Instructions കറക്ടായി അതില്‍ കൊടുത്തിട്ടുണ്ടായിരുന്നു. അവന്‍ ശ്രദ്ധിക്കാതെ വിട്ടതാണ്‌. password അടിച്ച് അകത്ത് കയറി, സുഖമായി ഉറങ്ങി..
രാവിലെ നേരത്തെ കാലത്തെ എണീറ്റ് പുറത്തിറങ്ങി. സന്ധ്യയാകും വരെ ഒരേ നടത്തം. കാണാനുള്ള പ്രധാന ഇടങ്ങളെല്ലാം കുറിച്ചു വെച്ചിരുന്നു. ഡാനുബ് നദിയും ചാള്‍സ് പാലവും, ബുഡാ കാസില്‍, പാര്‍ളിമെന്റ് കെട്ടിടം, ഡാനുബ് നദിക്കരയിലെ ഷൂ മെമോറിയല്‍ തുടങ്ങി കുറെയേറെ കണ്ട് കറങ്ങി നടന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് ഫാസിസ്റ്റുകള്‍ ആ നദിക്കരയില്‍ വെച്ച് വെടിവെച്ച് കൊന്ന ജൂതരുടെ ഓര്‍മ്മക്കായി ഒരുക്കിയതാണ്‌ ഷൂ മെമോറിയല്‍. നൂറോളം ഷൂ നിര്‍മിച്ച് വെച്ചിട്ടുണ്ട്. കൊല്ലുന്നതിനു മുന്നെ ജൂതരോട് അവരുടേ ഷൂ അഴിച്ച് വെക്കാന്‍ ഉത്തരവിട്ടിരുന്നെന്ന്. കുറച്ച് പേര്‍ അവിടെ മെഴുകുതിരി കത്തിക്കുകയും പൂക്കള്‍ കൊണ്ട് വന്ന് വെക്കുകയും ഒക്കെ ചെയ്യുന്നുണ്ട്.

 


5 മണിയാകുമ്പോളേക്കും ഇരുട്ടിത്തുടങ്ങി. അതെന്റെ പ്ലാനില്‍ ആദ്യ വിള്ളല്‍ വീഴ്ത്തി. ഞാനിത് പ്രതീക്ഷിച്ചില്ലായിരുന്നു. എന്തായാലും 14 കിലോമീറ്റര്‍ അന്ന് നടന്നു ഞങ്ങള്‍. സിറ്റി സെന്റര്‍ ഒരു വിധം സ്ട്രീറ്റ് എല്ലാം കറങ്ങി നടന്നു. കല്ല് വിരിച്ച് നല്ല ഭംഗിയുള്ള സ്ട്രീറ്റുകള്‍, ഒരു പാട് പഴക്കമുള്ള കെട്ടിടങ്ങള്‍, കഫേകള്‍ നിറഞ്ഞ പൂക്കള്‍ കൊണ്ട് അലങ്കരിച്ച മാര്‍ക്കറ്റ് ഇടങ്ങള്‍, ചുമ്മാ സംസാരിച്ച് നടക്കാന്‍ തന്നെ ഒരു രസമുള്ള സ്ഥലമായിരുന്നു.



അടുത്ത ദിവസം അതിരാവിലെ വിയന്നയിലേക്കുള്ള ബസ് പിടിക്കേണ്ടതാണ്‌. ബസ് സ്റ്റേഷന്‍ എത്താനുള്ള ട്രെയിന്‍ സ്റ്റേഷന്‍ ഞങ്ങള്‍ രാത്രി തന്നെ പോയി അന്വേഷിച്ച് മനസ്സിലാക്കി വെച്ചു. ലഞ്ച് ഒരു ചൈനീസ് റെസ്റ്റോറന്റില്‍ നിന്നും ഡിന്നര്‍ റൂമിനടുത്തുള്ള ഒരു ചെറിയ ഡോണര്‍ കഫേയില്‍ നിന്നും കഴിച്ചു. നടത്തത്തിന്റെ ക്ഷീണം കൊണ്ട് തന്നെ റൂമില്‍ ചെന്ന പാടേ ബെഡില്‍ വീണു, നന്നായി ഉറങ്ങി..

October 31:
രാവിലെ 5 മണിക്ക് എണീറ്റു. റിസപ്ഷണിസ്റ്റിന്റെ സഹായമില്ലാതെ തന്നെ ചെക്കൗട്ടും ചെയ്ത് റൂം വിട്ടിറങ്ങി. മെട്രൊ കയറി ബസ് സ്റ്റേഷന്‍ എത്തി, കോഫി കുടിച്ച് ബസില്‍ കയറി. 6.30 നു ബസ് എടുത്തു. റോഡിനു ഇരു വശവും കിടു പച്ചപ്പാണ്‌. കുറെ നേരം മിണ്ടിയും പറഞ്ഞുമിരുന്നു. ബസില്‍ വൈഫൈ, വാഷ് റൂം സൗകര്യങ്ങള്‍ എല്ലാം ഉണ്ട്. മെസ്സേജുകള്‍ വായിച്ചും അയച്ചുമിരുന്നു. കുറച്ച് നേരം മയങ്ങി. വിയന്ന എത്തി. ബസ് സ്റ്റേഷന്‍ ലോക്കര്‍ റൂമില്‍ ബാഗ് എല്ലാം വെച്ചു. അവിടെയും ഒരു സെക്യൂരിറ്റി ജീവനക്കാരന്‍ പോലും ഇല്ല. ഗംബ്ലീറ്റ് ഓട്ടോമേറ്റഡ് സിസ്റ്റം ആണ്‌. ലൊക്കറില്‍ ബാഗ് വെച്ച് ഡോര്‍ അടച്ച് തൊട്ടടുത്തുള്ള മെഷീനില്‍ നമ്പര്‍ പ്രസ് ചെയ്ത് പണമടച്ചാല്‍ ലോക്കര്‍ നമ്പര്‍ എഴുതിയിട്ടുള്ള കാര്‍ഡ് പ്രിന്റ് ചെയ്ത് വരും. ബാഗ് തിരിച്ചെടുക്കാന്‍ ആ കാര്‍ഡ് കരുതി വെക്കണം. ആദ്യ ശ്രമത്തില്‍ അബദ്ധം സംഭവിച്ച് ടിക്കറ്റ് ചുമ്മാ വെയ്സ്റ്റായി. ആരുടെയോ ഭാഗ്യം കൊണ്ട് ബാഗ് അകത്തായി പോയില്ല.
സ്റ്റേഷനില്‍ പോലും വാഷ് റൂം ഉപയോഗിക്കാന്‍ കാശ് കൊടുക്കണം. എനിക്കത് തീരെ ഇഷ്ടപ്പെട്ടില്ല. എനിക്ക് ഷര്‍ട് മാറ്റണമായിരുന്നു. സ്റ്റേഷന്റെ ഒരു മൂലയിലേക്ക് നടന്ന് അവിടെ നിന്ന് യാതൊരു നാണക്കേടും ചിന്തിക്കാതെ ടീ ഷര്‍ട് മാറ്റി. ഇതിലും വലിയ പെരുന്നാള്‍ വന്നിട്ട് ബാപ്പ പള്ളിയില്‍ പോയിട്ടില്ല, പിന്നെയാണ്‌ ഇത് : /
മെട്രൊ കയറി old town ചെന്നിറങ്ങി. പ്രധാന ടൂറിസ്റ്റ് ആകര്‍ഷണങ്ങളെല്ലാം അവിടെയാണ്. ബ്രേക്ഫാസ്റ്റ് കഴിച്ച് ഞങ്ങള്‍ നടത്തം ആരംഭിച്ചു. St. Stephens Cathedral കണ്ട് തുടങ്ങി. ജോര്‍ജേട്ടന്റെ ഭാഷയില്‍ പറഞ്ഞാല്‍ കെട്ടിടങ്ങളെല്ലാം ഒരുപാട് പഴക്കം ചെന്നതും പ്രൗഡി വിളിച്ചോതുന്നതുമാണ്‌ :)
 ഓസ്ട്രിയ ഹങ്കറിയേക്കാല്‍ ചിലവ് കൂടുതലുള്ള രാജ്യമാണ്‌. ടുറിസ്റ്റുകളെ ആകര്‍ഷിക്കാനായി തന്നെ കച്ചവടസ്ഥാപനങ്ങളെല്ലാം മനോഹരമായി അലങ്കരിച്ച് വെച്ചിട്ടുണ്ട്.
നിരത്തിലൂടെ ടൂറിസ്റ്റുകള്‍ക്ക് വേണ്ടി കുതിരവണ്ടി സവാരി വരിവരിയായി ഒഴുകി നടപ്പുണ്ട്. വിന്റര്‍ ആയത് കൊണ്ട് യൂറോപ്പിന്റെ യഥാര്‍ത്ഥ ഭംഗിയുള്ള ഓറഞ്ച് / സ്വര്‍ണ നിറമുള്ള ഇലകള്‍ അധികം കാണാന്‍ സാധിച്ചിരുന്നില്ല. പക്ഷേ വിയന്നയില്‍ പാര്‍ക്കുകളില്‍ അതിന്റെ ഭംഗി ആവോളം കാണാന്‍ സാധിച്ചു. എന്റെ മൊബൈലില്‍ സിം എടുത്തതും വിയന്നയില്‍ വെച്ചാണ്‌. ഷെങ്ഗന്‍ മുഴുവന്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന സിം എടുത്തു.


ഇന്ന് കൂടിയേ ഫാസില്‍ കൂടെയുള്ളൂ. രാത്രി 2 പേരും 2 വഴിക്ക് പിരിയും. അവന്‍ എയര്‍പോര്‍ടിലേക്ക്. ഞാന്‍ സാല്‍സ്ബര്‍ഗ് പോകാനായി മറ്റൊരു റെയില്‍വെസ്റ്റേഷനിലേക്കും. രാത്രി വരെ ചുറ്റിനടന്നു, ഒരു ക്ലബ്ബില്‍ കയറി ഭക്ഷണം കഴിച്ചു. വിയന്ന സെന്‍ട്രല്‍ സ്റ്റേഷനില്‍ വന്ന് ലോക്കറില്‍ നിന്നും ബാഗുകള്‍ തിരിച്ചെടുത്തു. അവിടെ വെച്ച് ഫാസില്‍ യാത്ര പറഞ്ഞ് പിരിഞ്ഞു. തനിച്ചായപ്പോള്‍ എന്തോ ഒരു മൂഡോഫ് ഫീല്‍ ചെയ്തു. മെട്രൊ കയറി WIEN WESTBAHNHOF ചെന്നിറങ്ങി. അവിടെ മെട്രൊ വിട്ട് പുറത്ത് കടന്ന് എതിര്‍ വശത്തുള്ള മെയിന്‍ റെയില്‍ വെ സ്റ്റേഷനിലേക്ക് നടന്നു. അവിടെ നിന്നുമാണ്‌ എനിക്ക് സാല്‍സ്ബര്‍ഗ് പോകാനുള്ള ട്രെയിന്‍.
സമയം പാതിരാത്രി 2 ആയി. 5.50 ന്‌ ആണ്‌ ട്രെയിന്‍ പുറപ്പെടുക. അത് വരെ സ്റ്റേഷനില്‍ വിശ്രമിക്കാനാണ്‌ പ്ലാന്‍. സ്റ്റേഷന്റെ മുന്നിലെത്തിയതും എന്റെ ചങ്കിടിച്ച് പോയി. സ്റ്റേഷന്‍ പൂട്ടികിടക്കുന്നു. 4 മണിക്കേ തുറക്കുള്ളൂ. പുറത്ത് കൊടും തണുപ്പാണ്‌. പുറത്ത് അധികം ആള്‍ക്കാരേയും കാണാനില്ല. തണുപ്പ് സഹിക്കാന്‍ വയ്യാതായപ്പോള്‍ ഞാന്‍ തിരിച്ച് മെട്രൊ സ്റ്റേഷനിലേക്ക് തന്നെ നടന്നു. കാല്‍ വല്ലാതെ കഴച്ചു തുടങ്ങി. മുന്നില്‍ വന്ന് നിന്ന മെട്രോയിലേക്ക് ഞാന്‍ രണ്ടും കല്പിച്ച് കയറി ഇരുന്നു. ലാസ്റ്റ് സ്റ്റേഷന്‍ എത്തിയപ്പോള്‍ ഒന്ന് പുറത്തിറങ്ങി വീണ്ടും തിരിച്ച് അകത്തോട്ട് തന്നെ കയറി ഇരുന്നു. Halloween night ആയിരുന്നത് കൊണ്ട് ആ രാത്രി മുഴുവന്‍ ട്രെയിനില്‍ ഭീകരജീവികളുടെ വിളയാട്ടം തന്നെയായിരുന്നു. കുടിച്ച് ബോധം പോയ ടീംസ് ചീത്ത വിളിയും ഡാന്‍സും വാളു വെപ്പും എല്ലാം കൂടി ഒരു നിമിഷം പോലും ട്രെയിനിനകത്ത് സ്വസ്ഥത ഇല്ലായിരുന്നു. 2 മണിക്കൂറോളം ഞാന്‍ ആ സെയിം ട്രെയിനില്‍ ഈ ബഹളത്തിനിടയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും ട്രിപ് അടിച്ചു, ഉറക്കമില്ലാതെ, ഉറങ്ങാന്‍ കഴിയാതെ, തെല്ല് ഭയത്തോടെ, മനസ്സാകെ ചത്ത്.. ജീവിതത്തില്‍ ചെയ്തിട്ടുള്ള ഏറ്റവും മോശം ട്രെയിന്‍ യാത്രയില്‍ ഒന്നായി മാറി അത്.. :(
മണി 4 കഴിഞ്ഞതും ഞാന്‍ എന്റെ സ്റ്റേഷന്‍ എത്തിയപ്പോള്‍ ചാടിയിറങ്ങി. സ്റ്റേഷന്‍ കറക്ട് സമയത്ത് തന്നെ തുറന്നിട്ടുണ്ടായിരുന്നു. സമാധാനമായി..
November 01:
സാല്‍സ്ബര്‍ഗ് യാത്രയില്‍ കുറച്ച് നേരം മയങ്ങി. സ്റ്റേഷന്‍ എത്തുന്നതിനു മുന്നേ ഉണര്‍ന്ന് ബ്രഷിങ്ങ് എല്ലാം കഴിഞ്ഞ് റെഡി ആയി. രാവിലെ സാല്‍സ്ബര്‍ഗ് എത്തി. കാണാനുള്ള സ്ഥലങ്ങള്‍ നോട് ചെയ്ത് വെച്ചിട്ടുണ്ട്. ലോക്കര്‍ സൗകര്യം തരമായില്ല. ബാഗും പുറത്ത് തൂക്കിയാണ്‌ നടപ്പ്. കുന്നിന്‍ മുകളിലുള്ള ഒരു കോട്ട ലക്ഷ്യമാക്കി നടത്തം തുടങ്ങി. പോകുന്ന വഴിക്ക് ചര്‍ച്ചുകളും പൂന്തോട്ടങ്ങളുമൊക്കെയാണ്‌. ഒത്തിരി ഫേമസ് ആയ The Sound of Music എന്ന സിനിമ ഷൂട് ചെയ്തിട്ടുള്ളത് സാല്‍സ്ബര്‍ഗ് വെച്ചാണ്‌. പ്രകൃതി ഭംഗിയുടെ നിറകുടമാണ്‌ ഇവിടം. പാതയോരങ്ങളും വീടുകളും വള്ളികള്‍ പടര്‍ന്ന് കയറിയുള്ള മതിലുകളും പള്ളികളും കടകളും നിരത്തുകളും എന്ന് വേണ്ട, എങ്ങോട്ട് നോക്കിയാലും ഒടുക്കത്തെ മനോഹാരിതയാണ്‌.
 

എടുത്ത് പറയേണ്ട ഒരിടം പോകുന്ന വഴിക്ക് കടന്ന് ചെന്ന ഒരു ശ്മശാനമാണ്‌. പൂക്കള്‍ നിറഞ്ഞ് നില്‍ക്കുന്ന ചെടികളും ഇലകള്‍ മൂടിയ മരങ്ങളും നിറഞ്ഞ ഭംഗിയുള്ള നടപ്പാതകളും കല്പടികളും നിറഞ്ഞ ഒരിടം. മനോഹരം എന്നൊക്കെ എഴുതിയാല്‍ കുറഞ്ഞ് പോകത്തേയുള്ളൂ. അവിടേ അടക്കം ചെയ്യാന്‍ ഭാഗ്യം ചെയ്തവരെ കുറിച്ചോര്‍ത്ത് എനിക്കസൂയ തോന്നി. നമ്മുടെ നാട്ടില്‍ ശ്മശാനത്തിനടുത്ത് കൂടെ പോകാന്‍ പോലും മനുഷ്യര്‍ ഭയപ്പെടുന്നതോര്‍ത്ത് എനിക്ക് ചിരി വന്നു :)


ഞാന്‍ ഈ യാത്രയില്‍ സന്ദര്‍ശിച്ച ഏറ്റവും ഭംഗിയുള്ള സ്ഥലം ആയിരുന്നു സാല്‍സ്ബര്‍ഗ്.
റെയില്‍ വെ സ്റ്റേഷനു മുന്നില്‍ തന്നെയാണ്‌ ബസ് സ്റ്റാന്റ്. എന്റെ അടുത്ത ലക്ഷ്യം മ്യൂണിക് ആണ്‌. മ്യൂണികിലേക്കുള്ള ബസ് ഇവിടെ നിന്നല്ല പുറപ്പെടുന്നത്. അങ്ങോട്ട് ഇവിടുന്ന് ലോക്കല്‍ ബസില്‍ കയറി പോകണം. ചെറിയൊരു മിസ്റ്റേക് പറ്റി ഞാന്‍ 2 മണിക്കൂര്‍ മുന്നേ അവിടെ എത്തി. പുറപ്പെടുന്നതിനു 10 മിനിറ്റ് മുന്നേ മാത്രമേ ബസില്‍ കയറ്റത്തുള്ളൂ. കുറച്ച് നേരം ചുറ്റി പറ്റി നിന്നു. പിന്നെ ബാഗും എടുത്ത് അടുത്ത് കണ്ട മരങ്ങള്‍ നിറഞ്ഞ് നില്‍കുന്ന ഒരു ഇടത്തേക്ക് നടന്നു. നടുക്ക് കാണുന്ന വഴിയിലൂടെ ഒരു 10 മിനിറ്റ് നടന്നു കാണും. ഒരു നദിയുടെ അടുത്തേക്കാണ്‌ വഴി ചെന്നവസാനിച്ചത്. ഒരു വശത്ത് സൈക്ലിങ്ങിനും ജോഗിങ്ങിനുമായി പാതയൊരുക്കിയിട്ടുണ്ട്. കുറച്ച് നീങ്ങി വീടുകളും കാണുന്നുണ്ട്. വഴിയരികില്‍ വിശ്രമിക്കാന്‍ ബെഞ്ചുകളും കാണുന്നുണ്ട്. ബാഗ് തലയ്ക്കല്‍ വെച്ച് ആ നദിക്കരയില്‍ ബെഞ്ചില്‍ കിടന്ന് ഏതാണ്ട് ഒരു മണിക്കൂറോളം മയങ്ങി. വീണ്ടും കുറേ നേരം ആ ബെഞ്ചില്‍ തന്നെ നദിയും നോക്കി കാറ്റും കൊണ്ടിരുന്നു. നടക്കാന്‍ ഇറങ്ങിയ ഒരു വയസ്സനോട് കുറച്ച് നാട്ട് വിശേഷങ്ങളൊക്കെ ചോദിച്ചറിഞ്ഞു. തിരിച്ച് ബസ് സ്റ്റേഷനിലേക്ക് നടന്നു. തലേ ദിവസത്തെ ക്ഷീണം കുറെയൊക്കെ ആ നദിക്കരയിലെ വിശ്രമത്തില്‍ അലിഞ്ഞില്ലാതായി. അത്രേം നല്ലൊരു സായാഹ്നം ആയിരുന്നു.


ബസ് കറക്ട് സമയത്ത് തന്നെ എടുത്തു. ജര്‍മന്‍ ബോര്‍ഡറില്‍ പാസ്പോര്‍ട് ചെക്കിങ്ങ് ഉണ്ടായിരുന്നു. മറ്റൊരു ബോര്‍ഡറിലും അങ്ങനെ ഒരു ചടങ്ങ് ഉണ്ടായിട്ടില്ല. 6 മണിയോടടുത്ത് ബസ് മ്യൂണിക് എത്തി. നല്ല രീതിയില്‍ ഇരുട്ടായിട്ടുണ്ടായിരുന്നു. എന്റെ പ്ലാന്‍ അനുസരിച്ച് 6 മണിക്ക് മ്യൂണിക് ഇറങ്ങി ചെക്കിന്‍ ചെയ്ത് അവിടെല്ലാം ചുറ്റി കറങ്ങണം എന്നായിരുന്നു. എന്നാല്‍ ഇരുട്ടും തണുപ്പും കനത്തതും എല്ലാവരും മാളത്തില്‍ കയറി ഇരിപ്പായിട്ടുണ്ടായിരുന്നു. ഹോസ്റ്റല്‍ ലോബിയില്‍ നല്ല തിരക്കുണ്ടായിരുന്നു. ഞാന്‍ ചെക്കിന്‍ ചെയ്ത് ഫ്രഷ് ആയി നേരത്തെ തന്നെ ഉറക്കം പിടിച്ചു.

November 02: Dachau concentration camp Memorial
ഹിറ്റ് ലറിന്റെയും നാസികളുടേയും ഭീകരവാഴ്ചയുടെ ചരിത്രം വരും തലമുറകള്‍ക്ക് മനസ്സിലാക്കി കൊടുക്കാനായി ജര്‍മനി Dachau എന്ന പ്രദേശത്ത് ഉണ്ടായിരുന്ന concentration camp ഒരു മെമോറിയല്‍ ആക്കി മാറ്റി അതേ പടി നിലനിര്‍ത്തിയിരിക്കുകയാണ്‌. മ്യൂണിക്കില്‍ ഇത് മാത്രമേ എന്റെ ലിസ്റ്റില്‍ ഉള്ളൂ. രാവിലെ നേരത്തെ എണീറ്റ് ഹോസ്റ്റലില്‍ നിന്നു തന്നെ ബ്രേക്ഫാസ്റ്റ് കഴിച്ച് ഞാന്‍ ചെക്കൗട് ചെയ്തിറങ്ങി. ബാഗ് എടുത്തില്ല. പുറത്തെ കറക്കം കഴിഞ്ഞ് വന്ന് പിന്നീട് ബാഗ് തിരിച്ചെടുത്താല്‍ മതി. അതൊരു നല്ല സൗകര്യമാണ്‌. Dachau പോകാനുള്ള ലോക്കല്‍ ട്രെയിന്‍ പിടിക്കണം. ഒരുത്തന്‍ തെറ്റായി പറഞ്ഞ് തന്ന് ഞാന്‍ എതിര്‍ ദിശയിലേക്കുള്ള ട്രെയിന്‍ കയറി. വീണ്ടും അടുത്തിരുന്നവരോട് കണ്‍ഫേം ചെയ്തപ്പോള്‍ അബദ്ധം മനസ്സിലായി. അടുത്ത സ്റ്റേഷനില്‍ ഇറങ്ങി തിരിച്ചുള്ള ട്രെയിനില്‍ കയറി. അനാവശ്യമായി കുറച്ച് സമയം നഷ്ടപ്പെട്ടു. മ്യൂണിക് ഗ്രാമങ്ങള്‍ നോക്കിയിരുന്നപ്പോള്‍ യാത്ര മടുപ്പിച്ചില്ല. സ്റ്റേഷനില്‍ ഇറങ്ങി അവിടെ നിന്നും ബസ് കയറി ഞാന്‍ മെമോറിയല്‍ നില്‍ക്കുന്ന ഇടത്തെത്തി. എന്റെ ബസില്‍ തന്നെ നിരവധി യാത്രക്കാര്‍ അങ്ങോട്ടേക്കുണ്ടായിരുന്നു. 10 മിനിറ്റ് നടന്നപ്പോള്‍ മെമോറിയല്‍ കവാടം എത്തി.


ഒത്തിരി സന്ദര്‍ശകര്‍ ഉണ്ടായിരുന്നെങ്കിലും ഒരു തരം ശ്മശാനമൂകത ആയിരുന്നു അവിടെങ്ങും. ഒരൊറ്റ മനുഷ്യന്റെ മുഖത്തും ഒരു ചെറുപുഞ്ചിരി പോലുമില്ല. അല്ല, പുഞ്ചിരിക്കാനുള്ള ഒരു കാരണം കിട്ടണ്ടെ. അതിനുള്ള ഒരു നേരിയ സാധ്യത പോലും അവിടെങ്ങും ഇല്ലായിരുന്നു. വഴിയുടെ അരികില്‍ വലിപ്പമുള്ള ബോര്‍ഡുകളില്‍ പണ്ട് നടമാടിയിരുന്ന ക്രൂരതകളുടെ വിവരണങ്ങളാണ്‌. മനുഷ്യരെ എങ്ങനെയൊക്കെ മാനസികമായും ശാരീരികമായും ദ്രോഹിക്കാം എന്നതിന്റെ ഒരു പരീക്ഷണശാലയായിരുന്നു concentration ക്യാമ്പുകള്‍. പട്ടിണിക്കിട്ടും നിരന്തരമായി പീഡിപ്പിച്ചും ചികിത്സ നല്‍കാതെയും ശവപ്പറമ്പാക്കി മാറ്റിയിരുന്നു ഒട്ടുമിക്ക ക്യാമ്പുകളും. കുറച്ച് ചിത്രങ്ങളും വിവരണങ്ങളും കണ്ട് കഴിഞ്ഞപ്പോളേക്കും തൊണ്ടയൊക്കെ വരണ്ട് വല്ലാതായി പോയി. എങ്ങോട്ട് തിരിഞ്ഞാലും മരണത്തിന്റെ, പീഡനങ്ങളുടെ നിസ്സഹായ ജീവികളുടെ ചിത്രങ്ങളാണ്‌.
 


ഒരു സ്ത്രീ കുഞ്ഞു മകനെ അടുത്ത് നിര്‍ത്തി വിവരണം വായിച്ച് ചിത്രങ്ങള്‍ കാണിച്ച് കൊടുത്ത് പറഞ്ഞ് കൊടുക്കുന്നത് കണ്ടു. എന്നെങ്കിലും എന്റെ മക്കളെ കൊണ്ട് വന്ന ഇതല്ലെങ്കില്‍ മറ്റൊരു ക്യാമ്പ് മെമോറിയല്‍ കാണിച്ച് കൊടുക്കണം എന്ന് ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു. എത്രയൊക്കെ അധികാരം കൈയ്യില്‍ വന്ന് ചേര്‍ന്നാലും മറ്റൊരു മനുഷ്യനോടും ചെയ്യാന്‍ പാടില്ലാത്തതായി ഒരു പാട് കാര്യങ്ങളുണ്ടെന്ന് മനസ്സിലാക്കി കൊടുക്കാന്‍.. മനുഷ്യത്തം എന്നത് വലിയ ഒരു സംഗതിയാണെന്നും അതില്ലാതെയായാല്‍ സംഭവിക്കാവുന്ന ദുരന്തങ്ങളെ കുറിച്ചും മനസ്സിലാക്കാന്‍ മരണം വരെ ഓര്‍ത്തിരിക്കാന്‍ ഇതിലും നല്ലോരു പാഠശാല വേറെ കിട്ടാനില്ല. ജൂതരുടെ കിടപ്പ് മുറികളും പീഡനമുറികളും പട്ടാളക്കാരുടെ മുറികളും പൊതു ശൗചാലയവും ഏകാന്ത തടവറകളും എല്ലാം നടന്ന് കണ്ടു.




ചില ഹാളുകളില്‍ പഴയ വീഡിയോ പ്രദര്‍ശനവുമുണ്ട്. പലപ്പോഴും കണ്ണുകള്‍ നിറഞ്ഞ് കവിഞ്ഞു. വല്ലാത്തൊരു വീര്‍പ്പു മുട്ടലുമായാണ്‌ അവിടം വിട്ടിറങ്ങിയത്. ഓര്‍മ്മയ്ക്കായി ഒരു ചെറിയ മാഗ്നറ്റ് അവിടെ നിന്നും വാങ്ങി.തിരിച്ച് മ്യൂണിക്കിലെത്തി. ഹോസ്റ്റലില്‍ ചെന്ന് ബാഗെടുത്ത് ബസ് സ്റ്റേഷനിലേക്ക് ഓടി. സ്വല്പം ലേറ്റായിരുന്നു. റീഗന്‍സ്ബര്‍ഗ് പോകുന്ന Flix ബസില്‍ കയറിയിരുന്നു. ബയേണ്‍ മ്യൂണിക്കിന്റെ ഹോം ഗ്രൗണ്ടായ അരീന ബസ് യാത്രക്കിടെ കണ്ടു. ഏതെങ്കിലും ക്ലബിന്റെ സ്റ്റേഡിയം ടൂര്‍ മനസ്സില്‍ ഒരു ആഗ്രഹമായുണ്ട്. ഇതൊരു ചിലവ് കുറഞ്ഞ് ബഡ്ജറ്റ് ട്രിപ്പായത് കൊണ്ട് ഉള്‍പ്പെടുത്താഞ്ഞതാണ്‌.. ബസ് മ്യൂണിക് പിന്നിട്ടു.. മനസ്സിപ്പോളും Dachau വിലാണ്‌ :(

വൈകുന്നേരം റീഗന്‍സ്ബര്‍ഗില്‍ ബസിറങ്ങി. നല്ല കളര്‍ഫുള്ളായ കെട്ടിടങ്ങളും വൃത്തിയുള്ള നിരത്തുകളുമൊക്കെയായി ഭംഗിയുള്ള ഒരു കൊച്ചു പട്ടണം. ഹോസ്റ്റലില്‍ എത്തി. മാനേജര്‍ വന്ന് റൂം കാണിച്ച് തന്നു. 10 ബെഡ് ഉള്ള വലിയൊരു ഹാള്‍. 4 പേര്‍ കൂടി രാത്രി വരുമെന്ന് പറഞ്ഞു. നന്നായി ഇംഗ്ലീഷ് സംസാരിക്കുന്ന ഒരാളായിരുന്നു മാനേജര്‍. മേശപ്പുറത്ത് നിറയെ മിഠായികള്‍ വാങ്ങി വെച്ചിട്ടുണ്ട് സന്ദര്‍ശകര്‍ക്കായി. എന്നോട് എടുത്ത് കഴിച്ചോളാന്‍ പറഞ്ഞു. പുള്ളിക്കാരനോട് വഴിയെല്ലാം ചോദിച്ച് മനസ്സിലാക്കി ഞാന്‍ പുറത്തിറങ്ങി. രാത്രി നന്നായി ഇരുട്ടും വരെ ഞാന്‍ മാര്‍ക്കറ്റും കത്തീഡ്രലും പാലം കടന്നുള്ള റെസ്റ്റോറന്റുകളും മിഠായി കടകളും എല്ലാം കയറിയിറങ്ങി നടന്നു. നദിക്ക് കുറുകെയുള്ള പാലത്തിനു മുകളിലായി 2 ലോക്കല്‍ പാട്ടുകാര്‍ നല്ല കിടിലമായി എന്തോ വാദ്യോപകരണങ്ങള്‍ ഉപയോഗിച്ച് പാട്ട് പാടുന്നത് കുറെ നേരം കണ്ടിരുന്നു. തിരിച്ച് ഹോസ്റ്റലില്‍ എത്തിയപ്പോള്‍ മാനേജറും ബ്രസീലില്‍ നിന്നുള്ള ഒരു സംഘവും അതിലൊരാളുടെ പിറന്നാള്‍ ആഘോഷത്തിന്റെ നടുവിലായിരുന്നു. എന്നെ നിര്‍ബന്ധിച്ച് കേക്കും അവര്‍ പാചകം ചെയ്ത ബീഫും എല്ലാം കഴിപ്പിച്ചു. മാനേജറുമായും പുള്ളിയുടെ മരുമകനുമായും കുറച്ച് നേരം സംസാരിച്ചിരുന്നു. ഞാന്‍ രാവിലെ ചെക്കൗട് ചെയ്യുമെന്ന് പറഞ്ഞ് പിരിയാന്‍ നേരം മാനേജര്‍ ഒരു പാക്കറ്റ് മിഠായി കൊണ്ട് വന്ന് എന്റെ കൈയ്യില്‍ തന്നു, കുട്ടികള്‍ക്കാണെന്ന് പറഞ്ഞ് :)
രാത്രി വരുമെന്ന് പറഞ്ഞിരുന്ന ആരും മുറിയില്‍ വന്നില്ല. ആ വലിയ ഹോസ്റ്റലില്‍ അന്ന് ഞാന്‍ മാത്രമേ ഉണ്ടായുള്ളൂ..


November 03:
രാവിലെ റൂം വിട്ടിറങ്ങി പ്രാഗിലേക്കുള്ള ബസ് കറക്ട് സമയത്തെത്തി. എനിക്ക് ഉന്മേഷം കുറഞ്ഞ് കുറഞ്ഞ് വന്നിരുന്നു. മിണ്ടാനും പറയാനും ആരും ഇല്ലാത്തത് എനിക്ക് വലിയ ഒരു പ്രശ്നമായി അനുഭവപ്പെട്ട് തുടങ്ങി. യാത്രയില്‍ ആയാലും റൂമില്‍ ആയാലും മിക്കവരും ഹെഡ്ഫോണ്‍ വെച്ച് മൊബൈലില്‍ നോക്കി ഇരിപ്പാണ്‌. പ്രാഗ് മെയിന്‍ സ്റ്റേഷനില്‍ ചെന്നിറങ്ങി ഞാന്‍ ഹോസ്റ്റലില്‍ ചെന്ന് ചെക്കിന്‍ ചെയ്തു. ബുഡാപെസ്റ്റിലും റീഗന്‍സ്ബര്‍ഗിലും ഒക്കെ കണ്ട കല്ല് വിരിച്ച പാതകളും പള്ളികളും നദിയും പാലങ്ങളും ഒക്കെ തന്നെ ഇവിടെയും. എനിക്കെന്തോ സമയം വേഗം പോയികിട്ടിയാല്‍ മതിയെന്ന ഒരു തോന്നല്‍ വന്ന് തുടങ്ങിയിരുന്നു. കാശ് ചെയ്ഞ്ച് ആക്കാന്‍ അടുത്തൊരു ഗ്രോസറിയില്‍ കയറിയപ്പോള്‍ അവിടെ ജോലി ചെയ്യുന്ന വിയറ്റ്നാംകാരി പെണ്‍കുട്ടിയെ പരിചയപ്പെട്ടു. പഠിക്കാനും ജോലിയെടുക്കാനുമായി അവരുടെ നാട്ടുകാര്‍ അവിടെ ഒരുപാടുണ്ടെന്ന്. സംസാരത്തിനിടക്ക് കടയില്‍ മെയിന്‍ ആയി വില്പനക്ക് വെച്ചിരിക്കുന്ന ഐറ്റങ്ങള്‍ ശ്രദ്ധയില്‍ പെട്ടത്. ബീഡി മുതല്‍ മിഠായിയും ലോലിപോപ്പും വരെ കഞ്ചാവ് ഫ്ലേവറാണ്‌. പബ്ലിക് ആയി കഞ്ചാവ് വില്‍കുന്നത് കണ്ടപ്പോള്‍ ഒരു കൗതുകം തോന്നി. വഴിയരികിലെ ഒരു ബേക്കറിയില്‍ നിന്നും Trdelník വാങ്ങി കഴിച്ചു. പ്രാഗിലെ ഏറ്റവും ഫേമസ് ആയ പേസ്റ്ററി ഫുഡ് ആണ്‌ Trdelník.


എന്റെ പവര്‍ ബാങ്ക് ചാര്‍ജ് നില്‍കാതായി. ഞാന്‍ ഇരുട്ടുന്നതിനു മുന്നേ തന്നെ റൂമിലേക്ക് തിരിച്ച് നടന്നു. ഉന്മേഷക്കുറവ് എന്റെ മനസ്സില്‍ ഇരട്ടിച്ചിരുന്നു. പ്രാഗ് ഞാന്‍ ഒട്ടും ആസ്വദിച്ചില്ലെന്ന് തന്നെ പറയാം. എങ്ങിനെ എങ്കിലും ദിവസങ്ങള്‍ കഴിഞ്ഞ് കിട്ടിയാല്‍ നന്നായിരുന്നു എന്ന് പോലും എനിക്ക് തോന്നിക്കൊണ്ടിരുന്നു. നാളെ ട്രെക്കിങ്ങ് ദിവസമാണ്‌..

November 04: Adrspache- Teplice Rocks
നല്ല ബ്രേക്ഫാസ്റ്റ് ആയിരുന്നു ഹോസ്റ്റലില്‍. ചെക്കൗട് ചെയ്തു നടന്ന് റെയില്‍വെ സ്റ്റേഷനിലെത്തി. ഒരു മനുഷ്യനും ഒരു വക ഇംഗ്ലീഷ് അറിയില്ല. എനിക്ക് പോകാനുള്ള ട്രെയിന്‍ വരുന്ന പ്ലാറ്റ്ഫോം എവിടെയാണെന്നറിയാന്‍ സ്റ്റേഷന്‍ മുഴുവന്‍ ചുറ്റിക്കറങ്ങി, ശരിക്കും പാടുപെട്ടു. Teplice  വരെ എത്താനുള്ള ട്രെയിന്‍ - ബസ് ടിക്കറ്റുകള്‍ എല്ലാം കൈയ്യിലുണ്ട്. റെയില്‍വെ അറ്റകുറ്റപണി നടക്കുന്നത് കൊണ്ട് ഇടക്കിടക്ക് മാറി കയറേണ്ടതായുണ്ടെന്ന് ഇമെയില്‍ കിട്ടിയിരുന്നു. 2 ട്രെയിന്‍ കറക്ടായി മാറി കയറി. ശേഷം മൂന്നാം ഘട്ടം ബസില്‍ കയറിയതിനു ശേഷം വല്ലാതെ കണ്‍ഫ്യൂസ്ഡ് ആയിപോയി. Hugo എന്ന് പേരുള്ള ഒരു ചങ്ങായി ആണ്‌ അടുത്തിരുന്നത്. അയാള്‍ എന്റെ വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു തുടങ്ങി. എന്റെ യാത്രയില്‍ അങ്ങനൊരു അനുഭവം ആദ്യമായിട്ടായിരുന്നു. എനിക്കും സംസാരിക്കാന്‍ ഒരാളെ കിട്ടിയപ്പോള്‍ സന്തോഷം തോന്നി. ട്രെക്കിങ്ങ് പ്ലാന്‍ പറഞ്ഞപ്പോള്‍ Hugo തന്നെ റൂട്ട് മാറ്റങ്ങള്‍ അങ്ങേരുടെ ഫോണില്‍ സേര്‍ച്ച് ചെയ്ത് തുടങ്ങി. എന്റെ ഇമെയിലില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്നും ഇറങ്ങാനുള്ള സ്റ്റോപ് മാറിയിട്ടുണ്ടെന്നും പറഞ്ഞു. അവിടുന്ന് മുന്നോട്ട് പോകാന്‍ ഒരു ടിക്കറ്റ് കൂടി എടുക്കണമെന്നും പറഞ്ഞു. പുള്ളിക്കാരന്റെ മൊബൈലില്‍ നിന്നു തന്നെ അങ്ങേര്‍ തന്നെ എനിക്കൊരു ടിക്കറ്റും എടുത്തു തന്നു. എന്നെ സഹായിക്കാന്‍ എന്തോ ഒരു പ്രത്യേക ഉത്സാഹം തന്നെ അയാളില്‍ കണ്ടു. എന്തായാലും Hugo കറക്ട് ആയിരുന്നു. അങ്ങേരെ കണ്ടില്ലായിരുന്നെങ്കില്‍ എന്റെ ഒരു 2 മണിക്കൂറെങ്കിലും തെറ്റായ സ്റ്റേഷനില്‍ ഇറങ്ങി നഷ്ടപ്പെടുമായിരുന്നു. ഞാന്‍ വീണ്ടും ഒരു ബസും ട്രെയിന്‍ മാറിക്കയറി Teplice-Adrspache മലനിരകളുടെ അടിവാരത്തെത്തി. ഒടുവിലെ ട്രെയിന്‍ കാണാന്‍ തന്നെ ഒരു രസികനായിരുന്നു. ആകെപ്പാടെ 2 കുഞ്ഞു ബോഗികളുള്ള ഒരു ബസിന്റെ അത്രേം മാത്രം വലിപ്പം വരുന്ന ഒരു കുഞ്ഞന്‍.


ഞാന്‍ ഇന്നേ വരെ ട്രെക്കിങ്ങ് നടത്തിയിട്ടില്ല. എത്ര വേണെലും നടക്കാന്‍ ഓക്കെ ആണ്‌. എന്നിരുന്നാല്‍ തന്നെ ഒരുപാട് സംശയങ്ങള്‍ മനസ്സിലുണ്ട്. ഓഫ് സീസണ്‍ ആയതോണ്ട് അവിടെങ്ങും ഒറ്റ മനുഷ്യരെ കാണാനില്ലാര്‍ന്നു. രണ്ടോ മൂന്നോ കാറുകള്‍ പാര്‍ക്കിങ്ങില്‍ കിടപ്പുണ്ട്. ഒരു തരം കാട്ട് പ്രദേശം, വിട്ട് വിട്ട് ചില വീടുകള്‍ കാണാം, പുറത്തെങ്ങും ഒരാളില്ല.


ട്രെക്കിങ്ങ് ഏരിയ തുടങ്ങുന്നതിനടുത്തായി ഒരു സെക്യൂരിറ്റി ഗേറ്റ് ഉണ്ട്. അവിടെ ഒരു വക ഇംഗ്ലീഷ് അറിയാത്ത മനുഷ്യപറ്റ് അടുത്തൂടെ പോയിട്ടില്ലാത്ത ഒരുത്തന്‍ ഇരിപ്പുണ്ട്. പൈസ വാങ്ങി ഒരു ചെറിയ റൂട് മാപ് തന്നു. ബാഗ് വെക്കാന്‍ ഒരു ലോക്കറോ അങ്ങനെ ഒന്നുമില്ല. ഞാന്‍ അകത്തോട്ട് നടന്നു. ഇതിനകത്ത് ആള്‍ക്കാരൊന്നുമില്ലെങ്കില്‍ എന്നെ വല്ല കരടിയോ പുലിയോ ആക്രമിച്ചാല്‍ എന്തായിരിക്കും അവസ്ഥ എന്നൊക്കെ ചിന്തിച്ച് പ്രാന്തായി ഞാന്‍ പിന്നോട്ടാഞ്ഞ് തന്നെ മുന്നോട്ട് പതിയെ നടന്ന് നീങ്ങി. കുറച്ച് മുന്നോട്ട് പോയപ്പോള്‍ ഒരു മനുഷ്യജീവി എന്റെ ഓപ്പോസിറ്റ് നടന്നു വരുന്നു. എന്റെ ശ്വാസം നേരെ വീണു. അകത്ത് മനുഷ്യര്‍ വേറെ ആരെങ്കിലുമൊക്കെ ഉണ്ടോ? മൃഗങ്ങൾ ആക്രമിക്കാന്‍ ചാന്‍സുണ്ടോ? എന്നൊക്കെ കുറെ ചോദിച്ചറിഞ്ഞു. പ്രശ്നങ്ങളൊന്നുമില്ലെന്നും ഒന്ന് രണ്ട് കൂട്ടര്‍ അകത്തേക്ക് നേരത്തെ പോയിട്ടുണ്ടെന്നും മനസ്സിലാക്കി. അങ്ങേരു തന്ന ആത്മവിശ്വാസം മനക്കരുത്താക്കി മാറ്റി ഞാന്‍ നടത്തം ഉഷാറാക്കി. ബാഗ് തൂക്കിയുള്ള നടപ്പ് എളുപ്പമല്ലായിരുന്നു. ഒരു കിലോമീറ്റര്‍ ആയപ്പോഴേക്കും എന്റെ നടുവൊടിഞ്ഞ് തുടങ്ങി. കൂടെ ഒരാളെങ്കിലും ഉണ്ടെങ്കില്‍ സംസാരിച്ച് നല്ല രസത്തില്‍ നടന്ന് നീങ്ങാനുള്ള വഴികളാണ്‌. മരങ്ങള്‍ തിങ്ങി നിറഞ്ഞ്, വഴി കാണിച്ചുള്ള സൈന്‍ ബോര്‍ഡുകള്‍ എല്ലാം വെച്ച്, നല്ല വൃത്തിയിൽ നടപ്പാതകള്‍ ഒരുക്കിയിരിക്കുന്നു. ഒരു വശത്തൂടെ മലമുകളില്‍ നിന്നും നല്ല തെളിനീര്‍ ഒഴുകി താഴേക്ക് പോകുന്നു. ഇതിനേക്കാള്‍ നല്ല ശുദ്ധവായു എവിടുന്ന് കിട്ടാന്‍..

 
പക്ഷേ ഈ പ്രകൃതി സൗന്ദര്യമൊന്നും എന്നെ കാര്യമായി ബാധിക്കുന്നേയില്ലായിരുന്നു. ഞാന്‍ ഭാരം ചുമന്ന് ഏകാന്തതയില്‍ മനസ്സ് മടുത്ത് എന്തിനോ വേണ്ടി, ഒരു നേര്‍ച്ചയെന്നോണമാണ്‌ നടന്ന് കയറുന്നത്. ഇടയ്ക്കിടെ പാറകളിലും ബെഞ്ചുകളിലും ഇരുന്ന് നടു നിവര്‍ത്തി. 300 പടികള്‍ ഉള്ള ഒരു ഫ്രെയിം ഒരു പാറക്കെട്ടിനു മുകളിലേക്ക് ഉണ്ടാക്കി വെച്ചിട്ടുണ്ട്. അവിടുത്തെ ഒരു പ്രധാന പോയന്റാണത്. ഞാന്‍ രണ്ടും കല്പിച്ച് ബാഗും പുറത്തിട്ട് പടികള്‍ കയറി. ഒരു വിധം മുകളിലെത്താറായപ്പോള്‍ ബാഗെടുത്ത് ഒരു പാറപ്പുറത്ത് വെച്ചു. അതും തൂക്കി ഇനി കയറാന്‍ വയ്യായിരുന്നു. മുകളിലെത്തിയപ്പോള്‍ എന്നെ അത്ഭുതപ്പെടുത്തിയത് അവിടെ പോളണ്ടില്‍ നിന്നുള്ള ഒരു ഫാമിലിയെ കണ്ടപ്പോളാണ്‌. അത്യാവശ്യം തടിയൊക്കെയുള്ള രണ്ട് അമ്മച്ചിമാര്‍ കൂളായി ഇക്കണ്ട പടികളൊക്കെ കയറി മുകളില്‍ വന്നിരിക്കുന്നു. ഏറ്റവും മുകളില്‍ കയറിയാല്‍ അതിമനോഹരമായ വ്യൂ ആണ്‌. ഭീമാകാരമായ Teplice പാറക്കെട്ടുകളുടേയും കണ്ണെത്താ ദൂരത്തോളം പരന്ന് കിടക്കുന്ന പച്ചപ്പും, മഞ്ഞു പാളികളും, തണുപ്പിച്ച് വിറപ്പിക്കുന്ന കാറ്റും എല്ലാം കൂടി നമ്മളെ വേറൊരു ലോകത്തെത്തിക്കും. കുറച്ചധികം സമയം അവിടെ അങ്ങനെ ഇരുന്നു.. മൊബൈല്‍ ചാര്‍ജ് ഇറങ്ങി കൊണ്ടിരുന്നു, അധികം പടങ്ങള്‍ എടുക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ താഴെയിറങ്ങി കുറച്ച് കൂടി മുന്നോട്ട് തന്നെ പോയി. ഇനിയും ഒരു 2 മണിക്കൂറെങ്കിലും ചുറ്റി നടക്കാനുണ്ട്. ഞാന്‍ തളര്‍ന്ന് പോയിരുന്നു. ഞാന്‍ തിരിഞ്ഞു നടന്നു. തെല്ലൊരു വിഷമത്തോടെ തന്നെ..


Dominik (Dom) വന്ന് എന്നെ പിക് ചെയ്യാമെന്ന് പറഞ്ഞിരിക്കുന്നത് ഇവിടെ നിന്നാണ്‌. എന്റെ മൊബൈല്‍ ഓഫ് ആയിപോയി. എന്തോ ഭാഗ്യത്തിനു ഞാന്‍ ഉച്ചക്ക് ട്രെയിന്‍ ഇറങ്ങിയ ആ നിമിഷം തന്നെ ലൊക്കേഷന്‍ വാട്സാപ്പ് ചെയ്ത് കൊടുത്തിരുന്നു. 5 മണിക്ക് എത്താമെന്ന് അവന്‍ പറഞ്ഞിട്ടുണ്ട്. സമയം 4 ആകുന്നേ ഉള്ളൂ. അതിമാരക തണുപ്പടിച്ച് തുടങ്ങി. കയറി നില്‍കാന്‍ ഒരു പീടികത്തിണ്ണ പോലുമില്ലാത്ത ഒരു കാട്ട് പ്രദേശം. അടുത്ത് കാണുന്ന ചെറിയ കെട്ടിടങ്ങള്‍ ഒട്ടു മിക്കതും വെളിച്ചം പോലുമില്ലാതെ അടഞ്ഞ് കിടപ്പാണ്‌. അര മണിക്കൂറോളം ഞാന്‍ ആ തണുപ്പത്ത് പോകുന്ന കാറുകളെല്ലാം ശ്രദ്ധിച്ച് നിന്നു. ശരിക്കും തളര്‍ന്നു തുടങ്ങിയിരുന്നു. തണുപ്പടിച്ച് തളര്‍ന്ന് വീഴുമെന്നായപ്പോള്‍ രണ്ടും കല്പിച്ച് ചെറിയ വെളിച്ചം കണ്ട ഒന്നു രണ്ട് കെട്ടിടത്തിന്റെ കതകില്‍ മുട്ടി. ആദ്യ കെട്ടിടത്തില്‍ നിന്നും ഒരു സഹായവും കിട്ടിയില്ല. രണ്ടാമത്തെ കെട്ടിടത്തില്‍ നിന്നും രക്ഷ കിട്ടി. അതൊരു സ്കൂളായിരുന്നു. ഒരാള്‍ വന്ന് എന്നെ അകത്തേക്ക് കൂട്ടി കൊണ്ട് പോയി ഓഫീസില്‍ കൊണ്ടിരുത്തി. കുടിക്കാന്‍ വെള്ളം തന്നു. മൊബൈല്‍ ചാര്‍ജറും കൊണ്ട് വന്ന് തന്നു. ഞാന്‍ Dom നെ വിളിച്ചു. 10 മിനിറ്റ് കഴിഞ്ഞപ്പോളേക്കും ആളെത്തി. ദിവസങ്ങള്‍ക്ക് ശേഷം ഒരു സുഹൃത്തിനെ കണ്ട സന്തോഷം. ഓടിച്ചെന്ന് കെട്ടിപ്പിടിച്ചു. Dom അവിടെ വെച്ച് തന്നെ ഞങ്ങളുടെ സെല്‍ഫി എടുത്ത് എന്നെ കണ്ട് കിട്ടിയെന്നും പറഞ്ഞ് ഓഫീസ് വാട്സാപ്പ് ഗ്രൂപ്പില്‍ ഇട്ടു. എന്റെ അകത്ത് സന്തോഷം ഇരച്ചു കയറുകയായിരുന്നു. 2 മണിക്കൂറോളം ഡ്രൈവ് ഉണ്ട് അവന്റെ ഗ്രാമമായ പ്രുഡ്നിക്കിലേക്ക്. ഞാന്‍ നിര്‍ത്താതെ മിണ്ടിക്കൊണ്ടിരുന്നു. ഒരു ഘട്ടത്തില്‍ യാത്ര അവസാനിപ്പിച്ച് തിരിച്ച് പോയാലോ എന്ന് വരെ ഞാന്‍ ചിന്തിച്ചു എന്ന് Dom നോട് പറഞ്ഞപ്പോള്‍ അവന്‍ ഉറക്കെ ചിരിച്ചു. അവന്‍ നേരെ ഉള്‍ട്ട ആണ്‌. ഒറ്റക്കൊരു വീട്ടില്‍ പൂട്ടിയിട്ടാല്‍ സ്വര്‍ഗം കിട്ടിയ പോലെയാണ്‌. ഒറ്റക്കായി പോയ എന്റെ വിഷമത്തിന്റെ കെട്ട് ഞാന്‍ ഇറക്കി വെച്ചപ്പോള്‍, അത് പോലെ ഒരു ഡ്രീം ട്രിപ്പ് ഫാമിലിയൊന്നുമില്ലാതെ പോകാന്‍ പറ്റുമോ എന്നാണ്‌ താന്‍ ചിന്തിക്കുന്നതെന്ന് പറഞ്ഞ് എന്നെ കളിയാക്കി ചിരിച്ചു.
രാത്രിയോടെ അവന്റെ വീട്ടിലെത്തി. 2 ആണ്‍കുട്ടികളാണ്‌ അവന്‌. ഞാന്‍ അവര്‍ക്ക് ചോക്കളേറ്റ് വാങ്ങിയിരുന്നു. എല്ലാവരും ഒരുമിച്ചിരുന്നു പോളിഷ് ഹോംലി ഫുഡ് കഴിച്ചു. ഒരുപാട് നേരം രാത്രി സംസാരിച്ചിരുന്നു. പോളണ്ടില്‍ ഞാന്‍ പ്ലാന്‍ ചെയ്തിരുന്ന സാക്കോപാന്‍ ട്രെക്കിങ്ങ് ഞാന്‍ ഉപേക്ഷിക്കുകയാണെന്ന് പറഞ്ഞു. ഞാന്‍ അത്രേം ക്ഷീണിച്ചിരുന്നു. എന്റെ അവസ്ഥ കണ്ട് 2 ദിവസം അവിടെ വീട്ടില്‍ ചിലവഴിക്കാമെന്ന് അവര്‍ പറഞ്ഞു. സമ്മതം മൂളാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കില്‍ കൂടി ഞാന്‍ സ്നേഹപൂര്‍വ്വം നിരസിച്ചു..

Dom Home :)

November 05: Prudnik
ബ്രേക്ഫാസ്റ്റ് കഴിച്ച് കഴിഞ്ഞതും Dom ന്റെ ഭാര്യയുടെ അച്ചന്‍ Zigmund എന്നേം കൂട്ടി പുറത്തിറങ്ങി. പുള്ളിക്കാരന്‍ നല്ല അസ്സല്‍ കര്‍ഷകനാണ്‌. വീടിനു പുറകിലുള്ള ഹസല്‍നട്ട് തോട്ടത്തിലേക്കാണ്‌ എന്നെ കൂട്ടി കൊണ്ട് പോയത്. ആള്‍ക്ക് ഇംഗ്ലീഷ് അറിയില്ല. പക്ഷേ എന്നോട് നിര്‍ത്താതെ സംസാരിച്ച് കൊണ്ടിരുന്നു. Dom നോട് ഇടക്കിടെ എനിക്ക് തര്‍ജ്ജമ ചെയ്ത് തരാന്‍ പറയും. തോട്ടം പരിപാലിക്കുന്ന രീതിയും ഹസല്‍നട് ശേഖരിക്കുന്നതും എല്ലാം പറഞ്ഞ് തന്നു. തോട്ടത്തില്‍ നിന്നും കുറച്ച് പടങ്ങളൊക്കെ എടുത്തു.


ശേഷം അടുത്ത് തന്നെയുള്ള ഒരുടത്തേക്ക് നടന്നു. അവിടെ ട്രാക്ടറും മറ്റു കൃഷി ഉപകരണങ്ങളുമെല്ലാം സൂക്ഷിക്കുന്ന സ്ഥലമാണ്‌. Mahindra യുടെ ട്രാക്ടര്‍ എനിക്ക് കാണിച്ച് തന്ന് ഇത് നിന്റെ നാട്ടുകാരന്‍ ആണെന്ന് പറഞ്ഞ് ചിരിച്ചു. നട്സ് വലിപ്പമനുസരിച്ച് വേര്‍ തിരിക്കുന്നത് ഒരു ചേച്ചിയായിരുന്നു. വല്ലാത്തൊരു ഉത്സാഹത്തോടെ Zigmund അവിടെയെല്ലാം കൊണ്ട് നടന്ന് കാണിച്ചു. ഇതിന്റെ കൂടെ ഇവര്‍ ഒരു കൊച്ച് ഫ്ലവര്‍ ഷോപ്പും നടത്തുന്നുണ്ട്. ആ ഗ്രാമത്തിലുള്ള ഒട്ടു മിക്കവരും പൂക്കള്‍ വാങ്ങാന്‍ അവിടെയാണ്‌ വരുന്നത്. തോട്ടത്തിലെ നടത്തമെല്ലാം കഴിഞ്ഞ് ഞങ്ങല്‍ വീട്ടിലേക്ക് തിരിച്ചു. വീടിന്റെ മുന്നിലും വശത്തും അതിമനോഹരമായ പൂന്തോട്ടമാണ്‌. ചെറുതും വലുതുമായ ഒരുപാട് ചെടികളും മരങ്ങളും നിറഞ്ഞ് നില്‍കുന്നു. Zigmund വര്‍ഷങ്ങള്‍ എടുത്ത് സ്വയം നട്ടു വളര്‍ത്തിയതാണ്‌ എല്ലാം. ലഞ്ചിനു ശേഷം ഒരുപാട് നേരം സംസാരിച്ചിരുന്നു. ട്രെക്കിങ്ങ് പ്ലാന്‍ ഉപേക്ഷിച്ചത് കാരണം എനിക്കൊരു ടിക്കറ്റ് എക്സ്ട്രാ എടുക്കേണ്ടതായിട്ടുണ്ടാര്‍ന്നു. Dom അത് ബുക്ക് ചെയ്ത് തന്നു. വൈകുന്നേരം Zigmund വന്ന് ഒരു പാക്കറ്റ് ഹസല്‍നട് എന്റെ ബാഗില്‍ വെച്ചു തന്നു. കൂടെ മരം കൊണ്ടുണ്ടാക്കിയ ഭംഗിയുള്ള ഒരു നട് ക്രാക്കറും. ഞാന്‍ എല്ലാരോടും യാത്ര പറഞ്ഞിറങ്ങി. അവരെ സന്ദര്‍ശിച്ചത് എന്നെ മൊത്തത്തില്‍ ഒന്ന് റിചാര്‍ജ് ചെയ്തു എന്ന് തന്നെ പറയാം..


Prudnik to Krakow രണ്ട് മണിക്കൂറോളം ഡ്രൈവ് ഉണ്ട്. Krakow എത്തിയപ്പോള്‍ എന്തോ വിഷമം തോന്നി. വീണ്ടും ഒറ്റക്കാകാന്‍ പോകുവാണല്ലോ എന്ന തോന്നല്‍ മനസ്സിനെ അലട്ടി തുടങ്ങി. Krakow നിരത്തിലൂടെ നീങ്ങി കൊണ്ടിരുന്നപ്പോള്‍ Schindler's List മനസ്സിലേക്ക് കയറി വന്നു. ഒരുപാട് കൊടിയ യാതനകള്‍ അനുഭവിച്ചവരാണ്‌ പോളിഷ് ജനത. ഞങ്ങള്‍ ഒരു ഷോപ്പിങ്ങ് മാളില്‍ കയറി. Dom ന്‌ എന്തോ പര്‍ച്ചേസ് ഉണ്ടായിരുന്നു. ഞങ്ങള്‍ ഡിന്നര്‍ കഴിച്ചു. എന്നെ ബസ് സ്റ്റേഷനില്‍ ഇറക്കി, Dom യാത്ര പറഞ്ഞു. ബസ് ഒരു മണിക്കൂര്‍ ലേറ്റായിരുന്നു. ബസ് വന്നതും ഞാന്‍ കയറിയിരുന്നു ഉറങ്ങാന്‍ ശ്രമിച്ചു.. to Bratislava..

November 06:
സ്ലോവാക്യയുടെ തലസ്ഥാനമാണ്‌ ബ്രാറ്റിസ്ലാവ. ചെക്കിന്‍ ചെയ്ത് ബാഗ് ഹോസ്റ്റല്‍ ലോക്കറില്‍ വെച്ച് ഞാന്‍ പുറത്തിറങ്ങി. എനിക്ക് ചുറ്റി നടന്ന് അവിടെല്ലാം കാണാനൊന്നും തോന്നുന്നില്ലായിരുന്നു. എവിടേലും ചെന്നിരുന്ന് നേരം കളയണം. അതായിരുന്നു പ്ലാന്‍. ഇത്രേം കൂടുതല്‍ ദിവസങ്ങളുള്ള ട്രിപ്പ് പ്ലാനിങ്ങ് ചെയ്ത എന്നെ എനിക്ക് കൊല്ലാനുള്ള ദേഷ്യമുണ്ടായിരുന്നു. എനിവേ, ബ്രാറ്റിസ്ലാവ നല്ല ഭംഗിയുള്ള ഒരു പട്ടണമായിരുന്നു. ബ്ലൂ ചര്‍ച്ച് കണ്ട് ഞാന്‍ നടന്ന് തുടങ്ങി, കുന്നിന്‍ മുകളിലെ കാസില്‍ വരെ നടന്നു. അവിടിരുന്നാല്‍ സിറ്റിയുടെ ഒരു വലിയ ഭാഗവും ഡാനൂബ് നദിയും നന്നായി കാണാം. അവിടെ വൈകുന്നേരം വരെ കാറ്റും കൊണ്ടിരുന്നു. താഴെയിറങ്ങി ജൂതപ്പള്ളിയും സിറ്റി സെന്ററും കടന്ന് ഹോസ്റ്റലില്‍ ചെന്നു, കുറച്ച് ഫോണ്‍ ചെയ്തു, നേരത്തെ കിടന്നു..

Danube ~ Bratislava

November 07:
വൈകുന്നേരം എനിക്ക് തിരിച്ച് ഞാന്‍ വന്നിറങ്ങിയ ബുഡാപെസ്റ്റിലേക്ക് ബസ്. അതോര്‍ക്കുമ്പോള്‍ തന്നെ ട്രിപ്പ് അവസാനിക്കാന്‍ പോകുവാണല്ലോ എന്നൊരു ചെറിയ സന്തോഷം മനസ്സിലേക്ക് ഇരച്ച് കയറി. അടുത്തൊരു സൂപ്പര്‍ മാര്‍ക്കറ്റില്‍ കയറി ബ്രേക്ക് ഫാസ്റ്റിനുള്ള ജ്യൂസും കേക്കും വാങ്ങി ചുമ്മാ എങ്ങോട്ടെന്നില്ലാതെ നടപ്പ് തുടങ്ങി. ഡാനൂബിന്റെ കരയിലുള്ള ഒരു ബെഞ്ചില്‍ ചെന്നിരുന്ന് ബ്രേക്ഫാസ്റ്റ് കഴിച്ചു. കുറെ നേരം അവിടിരുന്നു. ശേഷം നദിക്ക് കുറുകെയുള്ള പാലം ക്രോസ് ചെയ്ത ഒരു ഷോപ്പിങ്ങ് മാളില്‍ കയറി. ചുമ്മാ കുറെ ഷോപ്പുകളിലെല്ലാം കയറിയിറങ്ങി നടന്നു. Mcdonaldsല്‍ കയറി ലഞ്ച് കഴിച്ചു. അവിടെ തന്നെ മൊബൈല്‍ ചാര്‍ജ് ചെയ്ത് ഒരുപാട് നേരം എഫ് ബി എടുത്ത് നോക്കി എന്തൊക്കെയോ വായിച്ചിരുന്നു. കൃഷ്ണൻ ബാലേന്ദ്രന്റെ പേജില്‍ വാളയാര്‍ പെണ്‍കുട്ടികളുടെ ഇഷ്യൂനെ കുറിച്ച് എഴുതിയ ഒരു പോസ്റ്റ് കണ്ണില്‍ പെട്ടു. ആ 2 പെണ്‍കുട്ടികള്‍ കടന്ന് പോയിട്ടുണ്ടാകുമായിരുന്ന മെന്റല്‍ ട്രോമ ഹൃദയം പൊട്ടുന്ന വേദനയിലാണ്‌ വായിച്ച് തീര്‍ത്തത്. എന്റെ 2 പെണ്മക്കളും മനസ്സിലേക്ക് ഓടി വന്നു. തടഞ്ഞ് നിര്‍ത്താനാകാതെ ഞാന്‍ ആ ഭക്ഷണശാലയിലിരുന്ന് നിര്‍ത്താതെ കരഞ്ഞു..
വൈകുന്നേരം ആയപ്പോള്‍ തിരിച്ച് നടപ്പ് തുടങ്ങി. ഹോസ്റ്റലില്‍ ചെന്ന് ചെക്കൗട് ചെയ്ത് ബാഗ് എടുത്ത് സ്റ്റേഷനിലേക്ക് നടന്നു.
Evening bus to Budapest...

രാത്രി വൈകിയാണ്‌ ബുഡാപെസ്റ്റ് ബസ് ഇറങ്ങിയത്. ഒരു സ്റ്റേഡിയത്തിനടുത്താണ്‌ ബസ് ഇറങ്ങിയത്. അന്നവിടെ മാച്ചുണ്ടായിരുന്നു. സിറ്റിക്ക് പുറത്തുള്ള ഒരിടമാണ്‌. ഞാന്‍ ഇറങ്ങിയ സമയം മാച്ച് കഴിഞ്ഞ് ആരാധകര്‍ ഒന്നടങ്കം റോഡിലും ബസ് സ്റ്റോപ്പിലും വന്ന് നിറഞ്ഞു. ജയിച്ചവരുടെ സന്തോഷപ്രകടനവും തോറ്റവരുടെ രോഷപ്രകടനവും എല്ലാം കൂടി ബഹളമയം. ഒരു വിധം എന്റെ ഹോസ്റ്റലിന്റെ അടുത്തേക്കുള്ള ട്രാമില്‍ കയറിപറ്റി. തിക്കിനും തിരക്കിനും ഇടയില്‍ ഒരു പയ്യന്റെ സഹായത്തോടെ കറക്ട് സ്ഥലത്ത് എത്തിച്ചേര്‍ന്നു. കുളിച്ച് ഫ്രഷായി നേരത്തെ തന്നെ കിടന്നു. നാളെ രാവിലെ തിരിച്ചു പോകുകയാണ്‌. എനിക്ക് ഉറക്കം വന്നില്ല. സന്തോഷം കൊണ്ട് മനസ്സ് നിറയുകയാണ്‌, ട്രിപ്പ് അവസാനിക്കാന്‍ പോകുന്നതിന്റെ സന്തോഷം.

November 08:
ഞാന്‍ കാത്ത് കാത്തിരുന്ന ദിവസം. രാവിലെ നേരത്തെ തന്നെ ചെക്കൗട് ചെയ്തിറങ്ങി. ചെറിയൊരു കണ്‍ഫ്യൂഷന്‍ ഉണ്ടായെങ്കിലും വലിയ ബുദ്ധിമുട്ടില്ലാതെ തന്നെ അടുത്തുള്ള ബസ് സ്റ്റോപ്പില്‍ എത്തി. ഭാഗ്യത്തിന്‌ എയര്‍പോര്‍ട് വസ് വന്ന് നില്പുണ്ടായിരുന്നു. ബസിനു സ്പീഡില്ലെന്ന് വരെ സ്വയം പരാതി പറഞ്ഞു. ട്രിപ്പിനൊരു പ്രശ്നവുമില്ലായിരുന്നു.. കണ്ട സ്ഥലങ്ങള്‍ക്കും ഒരു കുഴപ്പവുമില്ലായിരുന്നു.. പ്രശ്നം എല്ലാം എനിക്ക് മാത്രമായിരുന്നു :(
എയര്‍പോര്‍ടില്‍ എത്തി. ഫോണ്‍ ചെയ്ത് കുറച്ച് സമയം കളഞ്ഞു. വീട്ടിലേക്ക് ഒരു ഗിഫ്റ്റ് വാങ്ങി. ഫ്ലൈറ്റ് സമയമായി. അവിടെയും ബാഗിന്റെ തൂക്കവും വലിപ്പവും ചെക്കിങ്ങ് ഉണ്ടായിരുന്നു. വിമാനം പറന്ന് പൊങ്ങി. ഇന്നേ വരെ യാത്ര ചെയ്തപ്പോളെല്ലാം യാത്രയുടെ ഒടുക്കം വല്ലാത്തൊരു വിഷമം ഫീല്‍ ചെയ്തിട്ടുണ്ട്. തീരേണ്ടായിരുന്നു എന്ന് തോന്നാറുണ്ട്. ഇതാദ്യമായി ഒരു ട്രിപ്പ് തീര്‍ന്നു കിട്ടിയതിന്റെ സന്തോഷത്തില്‍ ഞാന്‍ ആശ്വസിച്ച് തളര്‍ന്നിരുന്നു.

Comments

സെഫീർ... തകർപ്പൻ എഴുത്ത്
Anonymous said…
Wowww ...super Safeer bhai ...🤝🙏🙏🙏🙏👍👍👍👍👍
Jishar said…
Simple but honest

Popular posts from this blog

റഷ്യൻ ലോകകപ്പ് യാത്ര, മുന്നൊരുക്കങ്ങൾ

കമ്മ്യുണിസ്റ്റ് പച്ച