ജോര്‍ജിയന്‍ വെക്കേഷന്‍ വിത്ത് പാറ്റ ~ @2015
2015 സെപ്റ്റംബര്‍ മാസം:
ജെസീക്ക ഒരു ചെറിയ വെക്കേഷന്‍ കഴിഞ്ഞ് അന്ന് രാവിലെയാണ് ഓഫീസിലേക്ക് തിരിച്ച് വന്നത്. കാപ്പി കുടിക്കിടയിലെ കുശലാന്വേഷണത്തിനിടയില്‍ എങ്ങോട്ടേക്കായിരുന്നു യാത്ര എന്ന് ചോദിച്ചു. ഇവര്‍ക്കൊന്നും വെക്കേഷനു നമ്മടെ കൂട്ട് വീട്ടിലേക്ക് പോകുന്ന ശീലമില്ല. വര്‍ഷത്തില്‍ ഒരു ആഴ്ച എങ്ങാനും വീട്ടിലേക്ക് വെക്കേഷനു പോയാലായി. ബാക്കി ലീവ് മുഴുവനും ലോകം കറങ്ങാനാണ് എടുത്തു തീര്‍ക്കുന്നത്. ഇത്തവണ പോയത് ജോര്‍ജിയയിലേക്ക് സ്കീയിങ്ങ് ചെയ്യാനായിരുന്നു എന്ന് പറഞ്ഞു. നല്ല സ്ഥലമാണെന്ന് കേട്ടപ്പോള്‍ സീറ്റില്‍ വന്നിരുന്ന് ചുമ്മാ സേര്‍ച്ച് ചെയ്ത് നോക്കി. നല്ല പാര്‍ക്കും ബില്‍ഡിങ്ങുകളും ഒക്കെ നിറഞ്ഞ ഒരു സെറ്റപ്പ് സിറ്റിയുടെ പടങ്ങള്‍ ഗൂഗിളില്‍ നിറഞ്ഞു. കുറെ പരതി കഴിഞ്ഞാണ് അബദ്ധം മനസ്സിലായത്. ഗൂഗിള്‍ എന്നെ കൊണ്ട് എത്തിച്ചത് അങ്ങ് അമേരിക്കയിലെ ജോര്‍ജിയ എന്ന സ്റ്റേറ്റിലാണ്. വേഗം തന്നെ സേര്‍ച്ച് കീവേര്‍ഡ് മാറ്റിപിടിച്ചു. ജോര്‍ജിയ കൺട്രിേ എന്ന് സേര്‍ച്ച് ചെയ്ത് കറക്ട് സ്ഥലം കണ്ട് പിടിച്ചു. ടൂറിസം അട്രാക്ഷന്‍സ് എല്ലാം കണ്ട് ബോധിച്ചു. ബ്രൗസര്‍ അടച്ച് വെച്ചു..
പിന്നീടുള്ള ഒരു ദിവസം സുഹൃത്ത് ആസിഫ് ആയി സംസാരിക്കുന്നതിനിടയില്‍ എങ്ങനെയോ ജോര്‍ജിയ കടന്നു വന്നു. മഞ്ഞും മലകളുമൊക്കെ പടങ്ങളില്‍ കണ്ട് കൊതി കയറിയപ്പോള്‍ 2 പേരും കൂടി കാര്യമായി തന്നെ സേര്‍ച്ചിങ്ങ് തുടങ്ങി. വിസ, ടിക്കറ്റ് റേറ്റ്, അവിടുത്തെ ടൂറിസ്റ്റ് ലൊക്കേഷന്‍സ്, യാത്രാ സൗകര്യങ്ങള്‍, ഭക്ഷണം, കറന്‍സി, അങ്ങനെ എല്ലാമെല്ലാം ഓരോന്നായി പരതിപ്പിടിച്ച് വായിച്ചു. ഞങ്ങള്‍ അന്ന് വരെ ഇത്തരം ഒരു യാത്ര നടത്തിയിട്ടില്ല. ആകെപ്പാടെ പോയിട്ടുള്ളത് തൊട്ടടുത്ത് കിടക്കുന്ന ഒമാനിലോട്ട് മാത്രമാണ്. അതൊരു അയല്‍പക്കത്ത് പോകുന്ന ഫീലിങ്ങേ ഉള്ളൂ. അത് കൊണ്ട് തന്നെ ഇങ്ങനെ ഒരു യാത്ര മനസ്സില്‍ ഉദയം ചെയ്തപ്പോള്‍ സംശയങ്ങളുടെ ഒരു വലിയ കൂമ്പാരം തന്നെ പൊന്തി വന്നു കൊണ്ടിരുന്നു. അന്ന് ജോര്‍ജിയ ഇന്നത്തെ അത്ര ഫേമസ് ടൂറിസ്റ്റ് ഡെസ്റ്റിനേഷന്‍ അല്ല, അറ്റ്-ലീസ്റ്റ് യു എ ഇ യില്‍ നിന്നുള്ളവര്‍ക്കെങ്കിലും.. ട്രാവല്‍ ബ്ലോഗുകള്‍ തപ്പി നോക്കുമ്പോളും വളരെ കുറച്ച് ഡീറ്റയില്‍സേ കിട്ടിയിരുന്നുള്ളൂ. രണ്ടും കല്പിച്ച് ഞങ്ങള്‍ യാത്ര ഉറപ്പിച്ചു. വിമാന ടിക്കറ്റ് വളരെ ചെറിയ നിരക്കില്‍ ബുക്ക് ചെയ്തു. ഒരാള്‍ക്ക് റിട്ടേണ്‍ ടിക്കറ്റ് 800 AED.
ഒരാഴ്ചത്തേക്കുള്ള ലീവ് ചോദിച്ച് സെറ്റാക്കി. പോകാന്‍ പ്ലാന്‍ ഉള്ള സ്ഥലങ്ങളുടെ നല്ലൊരു പ്ലാന്‍ തയ്യാറാക്കി. ബുക്കിങ്.കോം വഴി റൂമുകള്‍ എല്ലാം ബുക്ക് ചെയ്തു. വിസ വേണം, എന്നാല്‍ യു എ ഇ യില്‍ ജോര്‍ജിയന്‍ എംബസി ഇല്ല. അത് കൊണ്ട് തന്നെ ഓണ്‍ലൈന്‍ വിസക്ക് അപേക്ഷിക്കണം. വിസക്കുള്ള നൂലാമാലകളെല്ലാം വായിച്ച് മനസ്സിലാക്കി അതിനുള്ള കാര്യങ്ങള്‍ തയ്യാറാക്കി തുടങ്ങി. ട്രാന്‍സ്പോര്‍ടേഷന്‍ മാത്രം സെറ്റായിട്ടില്ല. അവിടം മുഴുവന്‍ കുന്നും മലയും ഒക്കെ ആയത് കൊണ്ട് തന്നെ ചുമ്മാ ഒരു വണ്ടി റെന്റിനെടുത്തുള്ള കറക്കം ഒന്നും അത്ര പ്രാക്ടിക്കലല്ല. അതെങ്ങിനെ സെറ്റാക്കും എന്നും ആലോചിച്ച് പരതി നടക്കുന്നതിനിടയില്‍ ഒരു ജോര്‍ജിയക്കാരിയുടെ ട്രാവല്‍ ബ്ലോഗില്‍ ചെന്ന് കണ്ണുടക്കി. ലോക്കല്‍ ആയത് കൊണ്ട് തന്നെ ഉടനടി ഇമെയില്‍ അയച്ച് അഭിപ്രായങ്ങള്‍ ചോദിച്ചു. വൈകാതെ മറുപടി വന്നു. സ്ഥലങ്ങളെ കുറിച്ചുള്ള ഐഡിയയോടൊപ്പം ഒരു സുഹൃത്തിന്റെ ഡീറ്റയില്‍സും അയച്ച് തന്നു. ട്രാന്‍സ്പോര്‍ടേഷന്‍ സഹായം വേണമെങ്കില്‍ ബന്ധപ്പെട്ടു കൊള്ളാന്‍ പറഞ്ഞ്. പുള്ളിക്കാരന്‍ അവിടുത്തെ ഒരു ടൂറിസ്റ്റ് ഗൈഡാണ്. ലവന്റെ പേരാണ് പാറ്റ :)
പാറ്റയുടെ ആഗമനത്തോടു കൂടി കാര്യങ്ങള്‍ കുറെ എളുപ്പമായി. പാറ്റയുമായി റേറ്റ് പറഞ്ഞുറപ്പിച്ചു. 7 ദിവസത്തെ ചാര്‍ജ് 3000 AED. വണ്ടിയും ഡീസലും ഡ്രൈവറും ഗൈഡിങ്ങും എല്ലാം ചേര്‍ന്ന് ഒരു ഫാമിലിക്ക് 1500 AED നല്ല റേറ്റായി തോന്നി. ഡീല്‍ ഉറപ്പിച്ചു. ഞങ്ങള്‍ ബുക്ക് ചെയ്ത റൂമുകള്‍ എല്ലാം കാന്‍സല്‍ ചെയ്തോളാന്‍ പറഞ്ഞു. അതെല്ലാം മച്ചാന്‍ സെറ്റ് ആക്കിക്കോളാം എന്ന് പറഞ്ഞു. സ്വല്പം പേടി ഉണ്ടായിരുന്നെങ്കില്‍ കൂടി ഞങ്ങള്‍ എല്ലാം കാന്‍സല്‍ ചെയ്തു. 7 ദിവസത്തെ ട്രിപ്പ് പ്ലാന്‍ ഡീറ്റയിലായി പാറ്റ അയച്ച് തന്നു. ആദ്യമേ ഞങ്ങള്‍ക്ക് ഇന്നയിന്ന സ്ഥലങ്ങള്‍ പോകണമെന്ന് ഞങ്ങള്‍ അങ്ങോട്ട് നിര്‍ദേശം വെച്ചിരുന്നു. ജോര്‍ജിയന്‍ മാപ് ദിവസവും നോക്കിയിരുന്നു ഞങ്ങള്‍ക്ക് അവിടുത്തെ സ്ഥലങ്ങളും ജ്യോഗ്രഫിയുമെല്ലാം ഒരുമാതിരി മനപ്പാഠമായിട്ടുണ്ടായിരുന്നു. പാറ്റ അത് ഒരിക്കല്‍ കളിയാക്കി പറയുക പോലുമുണ്ടായി :)
യാത്രയുടെ ഒരു മാസം മുന്നേ എങ്ങാനും ഞങ്ങള്‍ക്ക് ഒരു വിവരം കിട്ടി. യു എ ഇ വിസ ഉള്ളവര്‍ക്ക് ഇനി ജോര്‍ജിയയിലേക്ക് പ്രവേശിക്കാന്‍ വിസ ആവശ്യമില്ലെന്ന്. ഒന്നൊന്നര വാര്‍ത്ത തന്നെയായിരുന്നു അത്. കാരണം ഇനി നാട്ടിലേക്ക് പോകുന്ന മാതിരി ടിക്കറ്റും എടുത്ത് വിമാനത്തില്‍ കയറി ഇരുന്നാല്‍ മതിയെന്ന്. വിസക്ക് അപേക്ഷിച്ച് കിട്ടുമോ ഇല്ലയോ എന്ന വേവലാതിയൊന്നും വേണ്ട. കുറെ പൈസയും അത് വഴി ലാഭമായി.
നല്ല തണുപ്പുണ്ടായിരിക്കും എന്നറിയാമായിരുന്നത് കൊണ്ട് തന്നെ ഞങ്ങള്‍ വിന്റര്‍ വസ്ത്രങ്ങളെല്ലാം പര്‍ച്ചേസ് ചെയ്തു. ആദ്യമായി ഇത്തരം ഒരു യാത്രക്കൊരുങ്ങുന്നതിന്റെ എല്ലാ ഉത്സാഹവും സന്തോഷവും ശരിക്കും ഞങ്ങളില്‍ ഉണ്ടായിരുന്നു. കട്ടി കൂടിയ ജാക്കറ്റുകളും ഗ്ലൗസും കനം കൂടിയ സോക്സ്റ്റും എല്ലാം വാങ്ങി. ഓരോ ചെറിയ കാര്യത്തിനും പാറ്റയുടെ മെസ്സേജുകള്‍ സഹായത്തിനെത്തി. ഇത്തരം യാത്രകള്‍ പരിചിതമല്ലാത്തത് കൊണ്ട് തന്നെയാകാം, വീട്ടിലുള്ളവര്‍ക്കെല്ലാം ഞങ്ങള്‍ എന്തോ ഒരു അബദ്ധം ചെയ്യുന്ന ഒരു ഫീലായിരുന്നു.
നവംബര്‍ മാസം അവസാനത്തെ ആഴ്ചയില്‍ ഞങ്ങള്‍ 2 ഫാമിലി (4 പേരും 2 കുട്ടികളും) യാത്ര തിരിച്ചു.
Fly Dubai Flight : Dubai to Tbilisi
നല്ല തണുപ്പുണ്ടായിരിക്കും എന്നറിയാമായിരുന്നത് കൊണ്ട് തന്നെ ഞങ്ങള്‍ വിന്റര്‍ വസ്ത്രങ്ങളെല്ലാം പര്‍ച്ചേസ് ചെയ്തു. ആദ്യമായി ഇത്തരം ഒരു യാത്രക്കൊരുങ്ങുന്നതിന്റെ എല്ലാ ഉത്സാഹവും സന്തോഷവും ശരിക്കും ഞങ്ങളില്‍ ഉണ്ടായിരുന്നു. കട്ടി കൂടിയ ജാക്കറ്റുകളും ഗ്ലൗസും കനം കൂടിയ സോക്സ്റ്റും എല്ലാം വാങ്ങി. ഓരോ ചെറിയ കാര്യത്തിനും പാറ്റയുടെ മെസ്സേജുകള്‍ സഹായത്തിനെത്തി. ഇത്തരം യാത്രകള്‍ പരിചിതമല്ലാത്തത് കൊണ്ട് തന്നെയാകാം, വീട്ടിലുള്ളവര്‍ക്കെല്ലാം ഞങ്ങള്‍ എന്തോ ഒരു അബദ്ധം ചെയ്യുന്ന ഒരു ഫീലായിരുന്നു.
നവംബര്‍ മാസം അവസാനത്തെ ആഴ്ചയില്‍ ഞങ്ങള്‍ 2 ഫാമിലി (4 പേരും 2 കുട്ടികളും) യാത്ര തിരിച്ചു.
Fly Dubai Flight : Dubai to Tbilisi
ദുബായ് എയര്‍പോര്‍ടില്‍ ചെക്കിന്‍ ചെയ്യുമ്പോള്‍ തന്നെ ആസിയെ കൗണ്ടറില്‍ പിടിച്ചു. അവന് പൊതുവേ ഏത് യാത്രയിലും തുടക്കത്തില്‍ എന്തെങ്കിലും തടസ്സങ്ങള്‍ പതിവാണ്. കൈവശം എത്ര പണമുണ്ടെന്ന് കാണിക്കണമെന്ന് ആവശ്യം. ജോര്‍ജിയയില്‍ എങ്ങാനും കിടന്ന് തട്ടിപോയാല്‍ ബോഡി തിരിച്ച് കൊണ്ട് വരാനുള്ള ആസ്ഥി ഉണ്ടോ എന്ന് ചെക്ക് ചെയ്യുന്നതാണ് പോലും. ഞാന്‍ പാസ്പോര്‍ട് കൊടുത്ത കൗണ്ടറില്‍ ഒരു ചോദ്യവും ഇല്ലായിരുന്നു. എന്തായാലും എന്റെ കൈയ്യിലുള്ളതും അവന്റെ കൈയ്യിലുള്ളതും എല്ലാം നുള്ളി പെറുക്കി കാണിച്ച് ഒരു വിധം അവിടുന്ന് കൈച്ചിലായി.
പുലര്‍ച്ചക്ക് മുന്നേ ജോര്‍ജിയന്‍ തലസ്ഥാനമായ ത്ബിലിസിയില്‍ ലാന്റ് ചെയ്തു. പാറ്റ എയര്‍പോര്‍ടില്‍ വന്നിട്ടുണ്ടായിരുന്നു. എയര്‍പോര്‍ടിനു പുറത്തിറങ്ങിയതും ഞങ്ങള്‍ എല്ലാവരുടേയും സകല നാഡീ ഞരമ്പുകളും കോച്ചി വലിക്കുന്ന ഒരു തരം തണുപ്പാണ് ഞങ്ങളെ വരവേറ്റത്. ശരിക്കും ഒരു തരത്തില്‍ പേടിച്ച് പോയി എന്ന് തന്നെ പറയാം. മൂന്നാറില്‍ 4 വര്‍ഷം നിന്ന എക്സ്പീരിയന്‍സ് ഒക്കെ വലിയ വായില്‍ അടിക്കാറുള്ള എന്റെ റിലേ ഒക്കെ ഗംബ്ലീറ്റ് പോയി. ബാഗൊക്കെ പാറ്റ വാനിലേക്ക് കയറ്റി വെച്ചു. ഞങ്ങള്‍ വാനിലേക്ക് ചാടിക്കയറി ഇരുന്നു. തണുപ്പ് കൊണ്ട് ഒരു തരത്തില്‍ തളര്‍ന്ന് പോയിരുന്നു. പിന്നീടങ്ങോട്ട് ഞങ്ങള്‍ രാത്രിയിലടക്കം പുറത്തിറങ്ങിയിരുന്നു. പക്ഷേ അന്നത്തെ രാത്രിയിലെ തണുപ്പ് പിന്നീട് ഫീല്‍ ചെയ്തിട്ടില്ല. ഒരു പക്ഷേ ദുബായിലെ കാലാവസ്ഥയില്‍ നിന്നും നേരെ വിപരീതമായ ഒന്നിലേക്ക് പ്രവേശിച്ച ആ ഒരു മാറ്റം ആയിരിക്കണം കാരണം. ഹോട്ടലില്‍ എത്തി ചെക്കിന്‍ ചെയ്തു.. നന്നായി ഉറങ്ങി..
അതിവിപുലമായ ഒരു ബ്രേക്ഫാസ്റ്റ് ആണ് രാവിലെ ഞങ്ങളെ താഴെ ഹോട്ടല്‍ പാന്‍ട്രിയില്‍ കാത്തിരുന്നത്. വളരെ സൗഹാര്‍ദത്തോടെ പെരുമാറുന്ന സ്റ്റാഫുകളും, പാറ്റയുടെ സജ്ജീകരണങ്ങല്‍ ഞങ്ങള്‍ക്ക് ശരിക്കും ബോധിച്ചു. കുട്ടികള്‍ക്കടക്കം കൊടുക്കാന്‍ പാകത്തിലുള്ള ഭക്ഷണം തയ്യാറായിരുന്നു. ഞങ്ങള്‍ ലാവിഷായി ഫുഡ് അടിച്ച് നടക്കാനിറങ്ങി.
പാറ്റ ഉച്ചക്കേ എത്തുകയുള്ളൂ. അത് വരെ ചുമ്മാ അടുത്ത സ്ഥലങ്ങള്‍ ചുറ്റിക്കറങ്ങാനായി ഞങ്ങള്‍ ഇറങ്ങി. കുറേ നടന്നു. തണുപ്പുള്ള കാരണം ക്ഷീണം അധികം അനുഭവപ്പെട്ടില്ല. ഞങ്ങള്‍ 2 കൂട്ടര്‍ക്കും മകള്‍ ചെറുതായ കാരണം മിക്കപ്പോഴും എടുത്ത് നടക്കേണ്ടി വന്നു. ഉച്ചക്ക് പാറ്റ എത്തി. ലഞ്ചിന് നല്ലൊരു റെസ്റ്റോറന്റിലേക്ക് വണ്ടി തിരിച്ചു. ജോര്‍ജിയന്‍ വിഭവങ്ങള്‍ പാറ്റയെ കൊണ്ട് തന്നെ ഓര്‍ഡര്‍ ചെയ്യിച്ചു. ഗംഭീരമായ ഒരു തുടക്കം തന്നെയായിരുന്നു അതെന്ന് പറയാതെ വയ്യ. ഭക്ഷണശാലയുടെ ആംബിയന്‍സും ഭക്ഷണത്തിന്റെ രുചിയും എല്ലാം കിടു ആയിരുന്നു. ബില്ല് വന്നപ്പോളാണ് ശരിക്കും ഞെട്ടിയത്. ഇത്രയും പേര്‍ അത്രയും കഴിച്ചിട്ടും ദുബായില്‍ ഒരു സാധാരണ ഹോട്ടലില്‍ 5 പേര്‍ ഊണു കഴിച്ചാല്‍ വരുന്ന അത്രേം തുക മാത്രം. അവിടത്തുകാര്‍ക്ക് അത് പക്ഷേ വലിയ തുകയാണെന്ന് പാറ്റ പറഞ്ഞു തന്നു.
Khinkali
പാറ്റ ഞങ്ങള്‍ക്ക് കറന്‍സി മാറ്റാനുള്ള എക്സ്ചേഞ്ചില്‍ കൊണ്ട് പോയി. ആവശ്യത്തിനുള്ള ജോര്‍ജിയന്‍ ലാറി മാറിയെടുത്തു. തുടര്‍ന്ന് സിറ്റിയില്‍ ഒരു കുന്നിന്‍ മുകളിലുള്ള പാര്‍ക്കിലേക്ക് യാത്ര. സിറ്റിയില്‍ തിരക്ക് വരുന്ന സമയമാണ്. ട്രാഫിക് ഒഴിവാക്കാന്‍ ഊട് വഴികളിലൂടെയാണ് മിക്കപ്പോഴും വാന്‍ പാഞ്ഞത്. ഒരു കൊച്ചു ഫൂനിക്കുലാര്‍ സ്റ്റേഷന്റെ മുന്നില്‍ വാന്‍ നിര്‍ത്തി. കുത്തനെയുള്ള കുന്നിന്‍ മുകളിലേക്ക് കയറി പോകുന്ന ഒരു ട്രെയിന്‍ സെറ്റപ്പാണ് ഫൂനിക്കുലാര്‍. ടിക്കറ്റെടുത്ത് അതില്‍ കയറി ഞങ്ങള്‍ മുകളിലേക്ക് എത്തി. പാര്‍ക്കില്‍ കുറെ നേരം നടന്നും കുട്ടികളെ കളിപ്പിച്ചും ചിലവഴിച്ചു. സിറ്റി വ്യൂ ചെയ്യാനുള്ള വകകളൊക്കെ അവിടെ സെറ്റ് ചെയ്ത് വെച്ചിട്ടുണ്ട്. വൈകും വരെ അവിടെ ചിലവഴിച്ച് ഞങ്ങള്‍ റൂമിലേക്ക് മടങ്ങി. നാളെ മുതല്‍ ട്രിപ്പ് ശരിക്കും സ്റ്റാര്‍ട് ആകുകയാണ്.
രാവിലെ ഞാന്‍ നേരത്തേ ഉണര്‍ന്നു. ചെറിയ രീതിയിലുള്ള ഒച്ചയും ബഹളവും കേട്ട് കര്‍ടന്‍ മാറ്റി പുറത്തേക്ക് നോക്കിയതും മനസ്സില്‍ ലഡ്ഡു പൊട്ടി. തൊട്ടടുത്തതാ ഒരു 5 കളിക്കുന്ന ഫുട്ബോള്‍ ടര്‍ഫ് ഗ്രൗണ്ട്. രണ്ടാമതൊന്നാലോചിക്കാതെ ഷൂ വലിച്ച് കേറ്റി താഴേക്കോടി. ചെന്ന് നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ ചിറിയില്‍ നോക്കി നിന്നു. കുറച്ച് കഴിഞ്ഞതും ടൂറിസ്റ്റാണെന്ന് മനസ്സിലാക്കി കളിക്കാര്‍ക്കും കൗതുകം കയറി എന്നോട് കളിക്കുന്നോ എന്ന് ചോദിച്ചു. ഒന്നോ രണ്ടൊ പിള്ളേരും ബാക്കി കുറെ കാര്‍ന്നോമ്മാരുമാണ് കളിക്കുന്നത്. കട്ട തണുപ്പത്ത് ശ്വാസം കിട്ടാതെ എന്റെ അണ്ടകടാഹം വരെ പുകഞ്ഞു. എന്തായാലും കളിക്ക് ശേഷം എല്ലാരേം കൈകൊടുത്ത് പരിചയപ്പെട്ടു. ഇന്ത്യക്കാരന്‍ ആണെന്ന് പറഞ്ഞപ്പോള്‍ അവര്‍ക്കൊക്കെ വലിയ കാര്യമായി. നാളെ കഴിഞ്ഞേ പോകുള്ളൂ എന്ന് പറഞ്ഞപ്പോള്‍ നാളേം കളിക്കാന്‍ വരണമെന്ന് ക്ഷണം കിട്ടി.
ബ്രേക്ഫാസ്റ്റില്‍ വൈവിധ്യം കൊണ്ട് മാജിക് കാണിച്ച് ഹോട്ടല്‍ മാനെജറും ഷെഫും ഞങ്ങളെ വീണ്ടും ഞെട്ടിച്ചു. പാറ്റ രാവിലെ നേരത്തേ തന്നെ ഹാജറായിരുന്നു. ഞങ്ങള്‍ ഒരിത്തിരി ലേറ്റായതിന്റെ പരിഭവം പുള്ളി പറഞ്ഞു. ഞങ്ങള്‍ സിഗ്നാഗി എന്ന ഗ്രാമം ലക്ഷ്യമാക്കി നീങ്ങി. യൂറോപ്യന്‍ ശൈലിയില്‍ ഉള്ള മനോഹരമായ ഒരു ഗ്രാമമാണ് സിഗ്നാഗി.
Sighnagi
നടന്ന് കാണാന്‍ ഒത്തിരി ഭംഗിയുള്ള ഒരിടം. അവിടെ എല്ലാം ചുറ്റിക്കറങ്ങി ഒരു കൊച്ചു പലചരക്ക് കടയില്‍ നിന്നും കൈനിറയെ കുറെ ചോക്ലേറ്റൊക്കെ വാങ്ങി ഞങ്ങള്‍ കാക്കേടി റീജിയണിലുള്ള saperavi wine museum കാണാന്‍ വണ്ടിയെടുത്തു. ഒരു ചെറിയ കുന്നിന്‍ മുകളില്‍ പാറക്കെട്ടിനകത്താണ് മ്യൂസിയം. വൈന്‍ ഉണ്ടാക്കുന്ന സംഭവങ്ങളെല്ലാം അവിടുത്തെ ജീവനക്കാര്‍ വിവരിച്ച് തന്നു. ആ ഭൂഗര്‍ഭ മ്യൂസിയത്തിനടിയില്‍ നിന്നു തന്നെ ആ പാറക്കെട്ടിനു മുകളിലേക്ക് ലിഫ്റ്റ് സംവിധാനമുണ്ട്. മുകളില്‍ ഒരു റെസ്റ്റോറന്റാണ് സെറ്റ് ചെയ്തിരിക്കുന്നത്. ഒടുക്കത്തെ ഭംഗിയാണ് മൊത്തം സെറ്റപ്പ്. അന്നവിടെ ഒരു വിവാഹ പാര്‍ടി നടക്കുന്നത് കൊണ്ട് തന്നെ റെസ്റ്റോറന്റ് നന്നായി അലങ്കരിച്ചിട്ടുണ്ടായിരുന്നു. ഞങ്ങള്‍ കുറെ ഫോടോസ് എടുത്തു. പാറ്റയുടെ സഹായത്തോടെ തന്നെ വെറൈറ്റി കുറെ ജോര്‍ജിയന്‍ ഫുഡ് ഓര്‍ഡര്‍ ചെയ്ത് അകത്താക്കി. അവിടുന്നുള്ള മടക്കയാത്രയില്‍ ആദ്യമായി വഴിയരികില്‍ മഞ്ഞ് കുറേശ്ശെയായി കണ്ട് തുടങ്ങി. പക്ഷേ, മഞ്ഞിന്റെ ഒരു ലോകം തന്നെ ആയിരുന്നു അടുത്ത ദിവസത്തെ യാത്രയില്‍ ഞങ്ങളെ കാത്തിരുന്നത് :)
Highway
ഞാന്‍ അലാറം വെച്ച് എണീറ്റ് കളിക്കാന്‍ ഗ്രൗണ്ടിലേക്കോടി. അന്ന് ഞാന്‍ കാമറയും എടുത്തു. ഞാന്‍ ചെന്നപ്പോളേ എല്ലാരും ചിരിച്ചു വരവേറ്റു. കളി കഴിഞ്ഞ് ഞാന്‍ അവരുമൊത്ത് പടങ്ങളെടുത്തു. ഒരു അപ്പൂപ്പന്‍ എന്റെ അടുക്കല്‍ വന്ന് പഴയ ഇന്ത്യന്‍ സിനിമാ പാട്ട് പാടി ഡാന്‍സ് ചെയ്യാന്‍ തുടങ്ങി. രസകരമായ അന്തരീക്ഷം. ഞാന്‍ വീഡിയോയില്‍ അതെല്ലാം പകര്‍ത്തി. എല്ലാരോടും യാത്ര പറഞ്ഞു. ഒത്തിരി നല്ല മനുഷ്യര്‍..
ഗുദൗരി എന്ന മഞ്ഞ് മലയാണ് മൂന്നാം ദിനം ഞങ്ങളുടെ ലക്ഷ്യം. മഞ്ഞു കാല വിനോദങ്ങളില്‍ പ്രമുഖമായ സ്കീയിങ്ങിന്റെ ഒരു പ്രധാന ലൊക്കേഷനാണ് ഗുദൗരി. പോകുന്ന വഴി ഞങ്ങള്‍ അനാനുരി കാസില്‍ കാണാന്‍ ഇറങ്ങി. അതിനകത്ത് നടന്നിരുന്ന പ്രാര്‍ത്ഥന കുറച്ച് നേരം കണ്ട് നിന്നു. അരാഗ്വി എന്ന നദിയുടെ തീരത്താണ് അനാനുരി ഫോര്‍ട്രസ് നില്‍കുന്നത്. അതിമനോഹരമായ ഏരിയയാണ് അവിടം. ഞങ്ങള്‍ യാത്ര തുടര്‍ന്നു. പോകുന്ന വഴിക്ക് പഴക്കച്ചവടക്കാരെ കണ്ടപ്പോള്‍ നിര്‍ത്തി. ഒരുപാട് പേര്‍ വീടുകള്‍ക്ക് മുന്നില്‍ പഴവില്പനയും വീഞ്ഞ് വില്പനയും നടത്തുന്നുണ്ട്.
Paata selecting fruits
Panoramic View Point
ഗുദൗരി എത്തുന്നതിനു മുന്നേയുള്ള പനോരമിക് വ്യൂ പോയന്റില്‍ ഇറങ്ങി കുറേ പടങ്ങളൊക്കെ എടുത്തു. അവിടെല്ലാം നല്ല രീതിയില്‍ മഞ്ഞ് ഉണ്ടായിരുന്നു. ഗുദൗരി എത്തിയപ്പോളാണ് പക്ഷേ ഞങ്ങള്‍ ശരിക്കും മഞ്ഞില്‍ അകപ്പെട്ട പോലെ തോന്നിയത്. എല്ലാവരും ശരിക്കും മഞ്ഞില്‍ അര്‍മ്മാദിച്ചു എന്ന് തന്നെ പറയാം. കുറെ നേരം മഞ്ഞില്‍ നീരാടിയ ശേഷം ഞങ്ങള്‍ gergeti trinity church കാണാന്‍ തിരിച്ചു. മഞ്ഞ് മൂടികിടക്കുന്ന വഴിയിലൂടെയാണ് കുന്നിന്‍ മുകളിലുള്ള പള്ളി കാണാന്‍ പോകുന്നത്. കാറിലും മറ്റും വന്നവര്‍ മുകളിലേക്ക് കയറാന്‍ കഴിയാതെ വണ്ടികള്‍ താഴെയിട്ട് കിലോമീറ്ററുകള്‍ നടക്കുന്നത് കണ്ടു. കുറെപേര്‍ നിരാശരായി തിരിച്ച് പോകുന്നുമുണ്ട്. ഞങ്ങടെ മുന്നിലുണ്ടായിരുന്ന വാന്‍ സ്റ്റക്കായത് കൊണ്ട് ഞാനും ആസിയും പാറ്റയുമെല്ലാം ഇറങ്ങി പുള്ളിക്കാരന്റെ വണ്ടി തള്ളി കൊടുത്തു.
പെണ്ണുങ്ങളോട് പറഞ്ഞ് ചിരിക്കാന്‍ ഇങ്ങനെ ഓരോ വീര/വീമ്പ് കഥകള്‍ ഇടയ്ക്ക് സംഭവിച്ച് കൊണ്ടിരുന്നു. വഴി ഇച്ചിരി കനത്തതായിരുന്നെങ്കിലും പോകാതിരുന്നെങ്കില്‍ നഷ്ടമാകുമായിരുന്ന അത്രയും ഭംഗിയുള്ള ഒരു സ്ഥലവും പള്ളിയുമായിരുന്നു ഗെര്‍ഗെറ്റിയിലേത്. വാന്‍ ഉന്തികൊടുത്ത നേരം ഷൂസ് നനഞ്ഞത് എനിക്ക് നല്ല ഊക്കന്‍ പണി തന്നു. കാല്‍ മരവിച്ച് പോയി. വേദന കൊടുമ്പിരി കൊണ്ടപ്പോള്‍ പാറ്റ രക്ഷക്കെത്തി. പുള്ളിക്കാരന്റെ പക്കല്‍ ഉണ്ടായിരുന്നു ഒരു പെയര്‍ ഷൂസ് കൊണ്ട് വന്ന് തന്നു. ഇടക്കാല ആശ്വാസമായി. ഒരുപാട് ചിരിയും കാഴ്ചകളും കുറച്ച് സാഹസങ്ങളുമൊക്കെയായി ആ ദീര്‍ഘമായ ദിവസം കഴിഞ്ഞു.
ആദ്യ രണ്ട് ദിവസങ്ങളിലും രാത്രി ഞങ്ങള്‍ ത്ബിലിസി നടന്ന് കാണാനിറങ്ങും.. പാറ്റ വൈകുന്നേരം ഞങ്ങളെ ഹോട്ടലിലാക്കി വീട്ടിലേക്ക് പോകും. ശേഷം ഞങ്ങള്‍ കുറച്ച് നേരം വിശ്രമിച്ച് പിന്നെ നടക്കാനിറങ്ങും. അങ്ങനെ ഞങ്ങള്‍ അണ്ടര്‍ഗ്രൗണ്ട് മെട്രൊ, കേബിള്‍ കാര്‍ റൈഡ്, ബ്രിഡ്ജ് ഓഫ് പീസ് തുടങ്ങി കുറെ കണ്ട് തീര്‍ത്തു. അത് നല്ലൊരു പ്ലാന്‍ ആയിരുന്നു. ത്ബിലിസിയിലെ അടുത്തുള്ള കാഴ്ചകളെല്ലാം ഞങ്ങള്‍ ഇങ്ങനെ കറങ്ങി, പാറ്റയുമൊന്നിച്ച് അകലെയുള്ള ഇടങ്ങളും.. കുറെ സമയം അങ്ങിനെ ലാഭം കിട്ടി.
അടുത്ത ദിവസം രാവിലെ ഹോട്ടലില്‍ നിന്നും ചെക്കൗട് ചെയ്തിറങ്ങി. ഗോറിയിലേക്കാണ് യാത്ര. സഖാവ് സ്റ്റാലിന്റെ ജന്മസ്ഥലമാണ് ഗോറി. അദ്ദേഹത്തിന്റെ വീട് ഒരു മ്യൂസിയമാക്കി മാറ്റിയിട്ടുണ്ട്.
അടുത്ത ദിവസം രാവിലെ ഹോട്ടലില്‍ നിന്നും ചെക്കൗട് ചെയ്തിറങ്ങി. ഗോറിയിലേക്കാണ് യാത്ര. സഖാവ് സ്റ്റാലിന്റെ ജന്മസ്ഥലമാണ് ഗോറി. അദ്ദേഹത്തിന്റെ വീട് ഒരു മ്യൂസിയമാക്കി മാറ്റിയിട്ടുണ്ട്.
ഞങ്ങള്‍ അവിടുന്ന് കീചെയിനും മറ്റും വാങ്ങി. അവിടുന്ന് പോയത് uplistsikhe cave town കാണാനാണ്. വല്ലാത്തൊരു അത്ഭുതകാഴ്ചയാണ് കിലോമീറ്ററുകള്‍ നീളത്തില്‍ കിടക്കുന്ന ആ പാറക്കെട്ടുകള്‍ക്കുള്ളിലെ വീടുകളും മുറികളും ഗുഹകളുമെല്ലാം. ക്രിസ്തുവിനും 1000 വര്‍ഷങ്ങള്‍ മുമ്പ് പണിതിട്ടുള്ളതെന്നാണ് അനുമാനം. UNESCO World Heritage ലിസ്റ്റ് ചെയ്തിട്ടുള്ള ഒരിടമാണിത്. ഒരുപാട് സമയം ഞങ്ങള്‍ അവിടെ ചിലവഴിച്ചു.
പോകുന്ന വഴിക്കുള്ള മറ്റൊരു വലിയ ടൗണായ കുത്തൈസിയിലാണ് അന്ന് സ്റ്റേ ചെയ്തത്. രാത്രി പതിവ് പോലെ ഞങ്ങള്‍ അടുത്തുള്ള കത്തീഡ്രലൊക്കെ കാണാന്‍ നടക്കാനിറങ്ങി. രാത്രി ഭക്ഷണം ഹോട്ടലില്‍ നിന്ന് തന്നെയായിരുന്നു. പാറ്റ ബുക്ക് ചെയ്ത മിക്ക ഇടങ്ങളിലും ഭക്ഷണം ഉള്‍പെടെ ആയിരുന്നു റേറ്റ് പറഞ്ഞിരുന്നത്. ഇത് പലപ്പോഴും വലിയ ഉപകാരമായി.
അടുത്ത ദിവസം രാവിലെ കുത്തൈസിയിലെ പ്രോമിത്യൂസ് കേവ് കാണാന്‍ ഞങ്ങള്‍ പുറപ്പെട്ടു. അവിടെ എത്തിയപ്പോള്‍ ഒരു പണി കിട്ടി. കൊച്ചു കുട്ടികള്‍ക്ക് കയറാനൊക്കില്ല. ശ്വാസതടസ്സം അനുഭവപ്പെടാന്‍ സാധ്യത ഉള്ളത് കൊണ്ടാണ്. ഞങ്ങള്‍ നറുക്കിട്ടു. നറുക്ക് വീഴുന്ന ആള്‍ കുട്ടികളുമായി പുറത്ത് നില്‍കണം. ആസിക്കാണ് ആ ഭാഗ്യം കിട്ടിയത് :D
ഞങ്ങള്‍ ബാക്കി 3 പേരും ടിക്കറ്റെടുത്ത് അകത്ത് കയറി കേവിലേക്ക് ഇറങ്ങി കുറെ നടന്നു കണ്ടു. നദികളില്‍ നിന്നുള്ള മിനറല്‍സ് കൂടിച്ചേര്‍ന്ന് പല വിധത്തിലുള്ള രൂപങ്ങളായി മാറി ഒട്ടിചേര്‍ന്ന് ചുമരുകളില്‍ നിന്നും തൂങ്ങി നില്‍കുന്ന കാഴ്ചയാണ് അകത്ത് മുഴുവന്‍. പല നിറത്തിലുള്ള ലൈറ്റുകള്‍ ഇട്ട് ഭംഗിയോടെ വെച്ചിരിക്കുന്നു. എല്ലാം വിശദമാക്കി തരാന്‍ നമ്മുടെ കൂടെ ഒരു ഗൈഡ് വരികയും ചെയ്യും. ആസി പുറത്തായത് കൊണ്ട് തന്നെ ഞങ്ങള്‍ വേഗത്തില്‍ ഒന്ന് നടന്ന് കണ്ട് പുറത്തിറങ്ങി. ഇനി ഞങ്ങളുടെ യാത്രയിലെ അവസാന ലൊക്കേഷനായ സ്വാനെറ്റി / മെസ്തിയ യിലേക്കാണ് യാത്ര. വഴിക്ക് രസകരമായ ഒരു കാഴ്ച കാണുകയുണ്ടായി. ഒരു കടയുടെ ഷട്ടറിന്മേല്‍ കണ്ട സിനിമാനടിയുടെ ചിത്രമായിരുന്നു ഞങ്ങളെ ഞെട്ടിച്ചത്. നമ്മുടെ എവര്‍ഗ്രീന്‍ ബോളിവുഡ് സുന്ദരി ശ്രീദേവിയുടെ ഒരു പെയിന്റിങ് :)
ഇടയ്ക്ക് ഇനി സ്റ്റോപ്പൊന്നുമില്ല. 4 മണിക്കൂറോളം വാനിലിരുന്നു. ഇടയ്ക്ക് നടു നിവര്‍ത്താനായി പുറത്തിറങ്ങു.. പോകുന്ന വഴിയെല്ലാം റോഡ് തനി അലമ്പാണ്. പക്ഷേ മെസ്തിയ പോകണമെന്നത് ഞങ്ങളുടെ നിര്‍ബന്ധമായിരുന്നു. അത്രയ്ക്കും ആ സ്ഥലത്തെ കുറിച്ച് വായിച്ച് മനസ്സിലാക്കിയിട്ട് പ്ലാനില്‍ അതുള്‍കൊള്ളിച്ചത്. പ്രതീക്ഷ ഒട്ടും തെറ്റിയില്ല. പോകുന്ന വഴി മോശമായിരുന്നെങ്കിലും ഇരു വശത്തുമുള്ള കാഴ്ചകള്‍ അതിമനോഹരമായിരുന്നു.
പലനിറത്തിലുള്ള മരങ്ങള്‍ തിങ്ങിയ മലനിരകളും മഞ്ഞു മൂടിക്കിടക്കുന്ന മലകളുമൊക്കെ മാറിമാറി വന്ന് കൊണ്ടിരുന്നു. വൈകീട്ടോടെ മെസ്തിയ എത്തി. അവിടെ ഞങ്ങള്‍ ഹോട്ടലില്‍ അല്ല താമസം. ഹോം സ്റ്റേ ആണ് എടുത്തിരുന്നത്. ഞങ്ങള്‍ പാറ്റയോട് ആഗ്രഹം പറഞ്ഞിരുന്നതാണ് അതും. അവിടത്തുകാരുടെ ജീവിതം അടുത്തു കാണാനുള്ള ഒരു ചാന്‍സ് ആണല്ലോ. ഞങ്ങള്‍ ഭക്ഷണം കഴിക്കാനെല്ലാം ആ വീട്ടുകാരുടെ അടുക്കളയോട് ചേര്‍ന്നുള്ള ഹാളിലാണ് ചെന്നിരുന്നത്. അടുത്ത മുറിയില്‍ ഒരു വല്ല്യപ്പനടക്കം രണ്ട് പേര്‍ ഇരുന്ന് ടിവിയില്‍ എന്തോ കണ്ട് കൊണ്ടിരിക്കുന്നു. ഞങ്ങള്‍ക്ക് ചിരി അടക്കാന്‍ കഴിഞ്ഞില്ല. ടിവിയില്‍ നമ്മുടെ നാടന്‍ ഹിന്ദി സീരിയല്‍ കളിച്ച് കൊണ്ടിരിക്കുന്നു. ഡബ്ബ് ചെയ്ത് ജോര്‍ജിയന്‍ ഭാഷയില്‍ :) വരുന്ന വഴിക്ക് കണ്ട ശ്രീദേവിയുടേ ചിത്രവും ഫുട്ബോള്‍ ഗ്രൗണ്ടില്‍ വെച്ച് രാജ് കപൂറിന്റെ സിനിമാ പാട്ട് പാടി ഡാന്‍സ് കളിച്ചതുമെല്ലാം ക്ലാസ്മേറ്റ്സ് സിനിമയിലെ ക്ലൈമാക്സ് പോലെ ഞങ്ങള്‍ക്ക് കണക്ടഡ് ആയി. നെഹ്റുവിന്റെ കാലം മുതല്‍ ഇന്ത്യയും റഷ്യയും തമ്മിലുണ്ടായിരുന്ന ആ നല്ല ബന്ധം ഇന്നും സോവിയറ്റിനു കീഴിലുണ്ടായിരുന്ന ജോര്‍ജിയയുടെ സിരകളിലോടുന്നുണ്ട്. പഴയകാല ഹിന്ദി സിനിമാ ഗാനങ്ങള്‍ അവരിപ്പോഴും ഓര്‍ത്ത് പാടുന്നു. നമ്മുടെ പഴയകാല സിനിമാ നടീനടന്മാരെ ആരാധിക്കുന്ന അപ്പൂപ്പന്മാരും അമ്മൂമ്മമാരും ഇന്നും അവിടങ്ങളില്‍ ഒരുപാടുണ്ട്. ഇന്നത്തെ യുവതലമുറ ഹിന്ദി മൊഴിമാറ്റ സീരിയലുകള്‍ കണ്ട് ആ ബന്ധം മുന്നോട്ട് കൊണ്ട് പൊയ്കൊണ്ടിരിക്കുന്നു :)
ഇരുട്ടുന്നതിനു മുന്നേ പാറ്റ ഒരു ചങ്ങായീനെ വിളിച്ച് രണ്ട് കുതിരകളെ കൊണ്ട് വന്നു. ഞങ്ങള്‍ എല്ലാവരും കുട്ടികളടക്കം കുതിരപ്പുറത്ത് കയറി ചെറിയ സവാരി ടെസ്റ്റ് റൈഡുകള്‍ നടത്തി. ആസി കയറിയ കുതിര അവന്റെ വെയ്റ്റ് താങ്ങാഞ്ഞിട്ടോ എന്തോ, ഭ്രാന്ത് പിടിച്ച പോലെ പിടിവിട്ട് അവനേം കൊണ്ട് ഓടി പോയി. ഞങ്ങള്‍ക്ക് ചിരിയും ടെന്‍ഷനും ഒരുമിച്ച് വന്ന് വട്ടായി. ഒരു 10 മിനിറ്റ് കഴിഞ്ഞ് മച്ചാനെ 2 പേര്‍ രക്ഷിച്ച് തിരിച്ച് കൊണ്ട് വന്ന് വിട്ടു. നിലവിളി ശബ്ദം കേട്ട് അവരെത്തിയത് കൊണ്ട് അവനെ തിരിച്ച് കിട്ടി. ഇല്ലെങ്കില്‍ ബോര്‍ഡറൊക്ക് കടന്ന് വല്ല റഷ്യയിലും എത്തിയേനേ :D
അടുത്ത ദിവസം രാവിലെ പാറ്റ ഞങ്ങളേം കൊണ്ട് അവിടുത്തെ Hatsvali Ski Resort എത്തി. അവിടുത്തെ കേബിള്‍ വേ ലോകത്തിലെ ഏറ്റവും underrated ആയിട്ടുള്ള ഒന്നാണെന്ന് ആദ്യമേ വായിച്ചിരുന്നു. വളരെ തുച്ഛമായ ടിക്കറ്റ് റേറ്റാണ് റൈഡിനുള്ളത്. ജീവിതത്തില്‍ അത്രയും മനോഹരമായ ഒരു ആകാശയാത്ര ഇനി തരമാകുമോ എന്ന് പറയാന്‍ വയ്യ. ഞങ്ങള്‍ 4 പേരും 2 കുഞ്ഞുങ്ങളും ഓപ്പണായ ബെഞ്ച് ടൈപ് സീറ്റില്‍ ലോക്കിട്ടിരുന്ന് താഴെ മഞ്ഞ് മൂടിയ പൈന്‍ മരങ്ങള്‍ നിറഞ്ഞ ആ മലമുകളിലൂടെ ഉയരത്തില്‍ മുന്നോട്ട് പോയികൊണ്ടിരുന്നപ്പോള്‍ മനസ്സില്‍ അലയടിച്ച ആ ഒരു ഫീലിങ്ങ് വാക്കുകള്‍ക്കപ്പുറമാണ്. ഞങ്ങളുടെ മൊത്തം ട്രിപ്പിലെ ഹൈലൈറ്റായിരുന്നു ആ റൈഡ്. ചെന്നിറങ്ങിയത് ഒരു കൊച്ച് റിസോര്‍ടിന്റെ മുന്നിലാണ്. കാപ്പിയും ഐസ്ക്രീമും പോലെയുള്ള കുറച്ച് സംഭവങ്ങള്‍ അവിടെയുണ്ട്. കുറച്ച് നേരം ചൂട് കാഞ്ഞിരുന്നു, കാപ്പി കുടിച്ചു, അതിന്റെ ഒക്കെ മേല്‍ ഐസ്ക്രീമും അകത്താക്കി ഞങ്ങള്‍ പുറത്തിറങ്ങി. പാറ്റയുടെ ഐഡിയ ആണ് ആ കട്ടി മഞ്ഞിലൂടെ കുറച്ച് ദൂരം നടക്കാമെന്ന്. രണ്ടും കല്പിച്ച് പിന്നാലെ നടന്നു. ഒടുക്കത്തെ ഭംഗിയുള്ള മഞ്ഞിന്റെ ഒരു താഴ് വരയിലേക്കാണ് ചങ്ങായി ഞങ്ങളെ കൊണ്ട് പോയത്. കുട്ടികളില്‍ ഒന്നിനെ മിക്കപ്പോഴും പാറ്റ എടുത്ത് നടന്നു. അണയാന്‍ പോകുന്ന തീ ആളിക്കത്തും എന്ന് പറഞ്ഞ പോലെ ഞങ്ങളുടെ ട്രിപ്പിന്റെ അവസാന ഘട്ടം അതിമാരകമായ രീതിയില്‍ ഉദ്യോഗം നിറഞ്ഞതും ആനന്ദം നിറഞ്ഞതുമൊക്കെ ആയിരുന്നു. മെസ്തിയ ഇത്ര കഷ്ടപ്പെട്ട് വന്നത് ഒട്ടും വെറുതെയായില്ലെന്ന് ഞങ്ങള്‍ ഒരേ സ്വരത്തില്‍ ആവര്‍ത്തിച്ച് പറഞ്ഞു. ഞങ്ങല്‍ തിരിച്ചിറങ്ങി.
രാത്രിയില്‍ പാറ്റയുടെ കൂടെയായിരുന്നു നടത്തം. സ്വാനെറ്റിയിലെ പഴയ രക്തരൂഷിത പോരാട്ടങ്ങളുടെ തെളിവുകളായി നില്‍കുന്ന ടവര്‍ ഹൗസ് കാണാന്‍ പോയി. ഒരു കുഞ്ഞു ഗ്രാമത്തിന്റെ നടുക്കാണ് സംഭവങ്ങള്‍ നില്‍കുന്നത്. ചെറിയ വീടുകളുടെ ഇടക്കുള്ള വഴിയിലൂടെ ഞങ്ങള്‍ എല്ലാം കണ്ട് നടന്നു. ഒത്തിരി പടികള്‍ കയറിയാണ് ടവറിന്റെ മുകളില്‍ എത്തിയത്. അതെല്ലാം പാറ്റ മോളെ തോളിലെടുത്ത് കയറി. ടവര്‍ ഹൗസിന്റെ ഏറ്റവും മുകള്‍ ഭാഗം വരെ പിടിച്ച് കയറി. അതിനു മുകളില്‍ നിന്നും ആ കുഞ്ഞു ഗ്രാമം മുഴുവനായും കാണാം. മഞ്ഞ് മൂടിക്കിടക്കുന്ന മലകള്‍ക്കിടയില്‍ മിന്നാമിന്നി പോലത്തെ ഒരു വെളിച്ചം മാത്രം കത്തിച്ച് വെച്ച് ഉറങ്ങാനൊരുങ്ങുന്ന ഒരു കുഞ്ഞു ഗ്രാമം. ചെറുപ്പത്തില്‍ ഉത്സവത്തിനു പോയി വരുമ്പോള്‍ വാങ്ങി വരുന്ന സീനറി പോസ്റ്ററുകളിലെ ദൃശ്യങ്ങൾ ആണ് ഓര്‍മ്മയില്‍ തെളിഞ്ഞത് :)
തിരിഞ്ഞ് നടക്കുമ്പോള്‍ വീടുകളുടെ മേല്‍ക്കൂരയില്‍ നിന്നും വെള്ളത്തുള്ളികള്‍ താഴോട്ട് വീഴാതെ ഐസായി വലിയ വലിപ്പത്തില്‍ നില്‍കുന്നതെല്ലാം തിരഞ്ഞ് പിടിച്ച് പൊട്ടിച്ചെടുത്ത് പാറ്റ കുട്ടികളുടെ കൈയ്യില്‍ കൊടുത്തു. എല്ലാമെല്ലാം ഞങ്ങള്‍ക്ക് ഒത്തിരി ഒത്തിരി കൗതുകം നിറഞ്ഞ കാഴ്ചകളായിരുന്നു :)
തിരിഞ്ഞ് നടക്കുമ്പോള്‍ വീടുകളുടെ മേല്‍ക്കൂരയില്‍ നിന്നും വെള്ളത്തുള്ളികള്‍ താഴോട്ട് വീഴാതെ ഐസായി വലിയ വലിപ്പത്തില്‍ നില്‍കുന്നതെല്ലാം തിരഞ്ഞ് പിടിച്ച് പൊട്ടിച്ചെടുത്ത് പാറ്റ കുട്ടികളുടെ കൈയ്യില്‍ കൊടുത്തു. എല്ലാമെല്ലാം ഞങ്ങള്‍ക്ക് ഒത്തിരി ഒത്തിരി കൗതുകം നിറഞ്ഞ കാഴ്ചകളായിരുന്നു :)
ട്രിപ്പിന്റെ അവസാന ദിവസം, രാവിലെ തന്നെ ഞങ്ങള്‍ മെസ്തിയയോട് യാത്ര പറഞ്ഞിറങ്ങി..
ത്ബിലിസിയിലേക്ക് ഒറ്റയിരിപ്പായിരുന്നു. വൈകീട്ടോടെ സിറ്റിയെത്തി. നല്ല കഫേകളും ഷോപ്പുകളും എല്ലാം നിറഞ്ഞ ഒരു സ്ട്രീറ്റിനടുത്ത് പാറ്റ ഞങ്ങളെ ഇറക്കി. എയര്‍പോര്‍ടില്‍ പോകേണ്ടതിന്റെ കുറച്ച് മുന്നെ തിരിച്ച് വന്നാല്‍ മതിയെന്ന ധാരണയില്‍ ഞങ്ങല്‍ ചുറ്റി നടന്നു. എല്ലാരുടേം മുഖത്തെ സന്തോഷമൊക്കെ പതിയെ ഇല്ലാതായിരിക്കുന്നു. ആദ്യായിട്ടാണ് ഇത്തരത്തില്‍ വെക്കേഷനെന്ന രീതിയില്‍ ഒരു വിദേശയാത്ര ചെയ്യുന്നത്. അതിത്രേം ഗംഭീര അനുഭവമാകുമെന്ന് ആരും സ്വപ്നത്തില്‍ പോലും നിരീച്ചിരുന്നില്ല. ഒരു നിമിഷം പോലും ബോറടിക്കാത്ത രീതിയില്‍ എല്ലാരും ഉഷാറായി എഞ്ചോയ് ചെയ്തിരുന്നു. അത് അവസാനിക്കാന്‍ പൊകുവാണെന്ന് കരുതാന്‍ ആര്‍ക്കും വയ്യായിരുന്നു.. ഒരു കഫേയില്‍ കയറി ഞങ്ങള്‍ കുറേ നേരം സൊറ പറഞ്ഞിരുന്നു. പാറ്റക്ക് ഒരു ഹാറ്റ് ഗിഫ്റ്റായി വാങ്ങി. എയര്‍പോര്‍ടില്‍ വെച്ച് പാറ്റയോട് യാത്ര പറഞ്ഞ് പിരിഞ്ഞു. ഇന്നും അങ്ങേരുമായും വളരെ നല്ല ഒരു ബന്ധമാണുള്ളത്.
മഞ്ഞ് പുതഞ്ഞ് കിടക്കുന്ന ആ മാസ്മരിക മലനിരകള്‍ വിട്ട് വിമാനം ഞങ്ങളേയും കൊണ്ട് മരുഭൂമി ലക്ഷ്യമാക്കി പറന്നുയര്‍ന്നു :(
ത്ബിലിസിയിലേക്ക് ഒറ്റയിരിപ്പായിരുന്നു. വൈകീട്ടോടെ സിറ്റിയെത്തി. നല്ല കഫേകളും ഷോപ്പുകളും എല്ലാം നിറഞ്ഞ ഒരു സ്ട്രീറ്റിനടുത്ത് പാറ്റ ഞങ്ങളെ ഇറക്കി. എയര്‍പോര്‍ടില്‍ പോകേണ്ടതിന്റെ കുറച്ച് മുന്നെ തിരിച്ച് വന്നാല്‍ മതിയെന്ന ധാരണയില്‍ ഞങ്ങല്‍ ചുറ്റി നടന്നു. എല്ലാരുടേം മുഖത്തെ സന്തോഷമൊക്കെ പതിയെ ഇല്ലാതായിരിക്കുന്നു. ആദ്യായിട്ടാണ് ഇത്തരത്തില്‍ വെക്കേഷനെന്ന രീതിയില്‍ ഒരു വിദേശയാത്ര ചെയ്യുന്നത്. അതിത്രേം ഗംഭീര അനുഭവമാകുമെന്ന് ആരും സ്വപ്നത്തില്‍ പോലും നിരീച്ചിരുന്നില്ല. ഒരു നിമിഷം പോലും ബോറടിക്കാത്ത രീതിയില്‍ എല്ലാരും ഉഷാറായി എഞ്ചോയ് ചെയ്തിരുന്നു. അത് അവസാനിക്കാന്‍ പൊകുവാണെന്ന് കരുതാന്‍ ആര്‍ക്കും വയ്യായിരുന്നു.. ഒരു കഫേയില്‍ കയറി ഞങ്ങള്‍ കുറേ നേരം സൊറ പറഞ്ഞിരുന്നു. പാറ്റക്ക് ഒരു ഹാറ്റ് ഗിഫ്റ്റായി വാങ്ങി. എയര്‍പോര്‍ടില്‍ വെച്ച് പാറ്റയോട് യാത്ര പറഞ്ഞ് പിരിഞ്ഞു. ഇന്നും അങ്ങേരുമായും വളരെ നല്ല ഒരു ബന്ധമാണുള്ളത്.
മഞ്ഞ് പുതഞ്ഞ് കിടക്കുന്ന ആ മാസ്മരിക മലനിരകള്‍ വിട്ട് വിമാനം ഞങ്ങളേയും കൊണ്ട് മരുഭൂമി ലക്ഷ്യമാക്കി പറന്നുയര്‍ന്നു :(















Comments