കമ്മ്യുണിസ്റ്റ് പച്ച
ഏതേലും ക്രിസ്ത്യന്‍ അച്ഛന് കാലം ചെയ്തു എന്ന വാര്‍ത്ത പത്രത്തില്‍ ഉണ്ടെന്നു കേട്ടാല്‍ പിന്നെ ഞങ്ങള്‍ കുട്ടികള്‍ക്ക് വല്ലാത്ത ടെന്‍ഷന്‍ ആണ്. ഞങ്ങളുടെ സ്കൂളിന്റെ രൂപതയില്‍ പെട്ട അച്ഛന് ആയിരിക്കണേ മരണപെട്ടത് എന്ന പ്രാര്‍ത്ഥനയാണ് പിന്നെ മനസ്സ് മുഴുവന്‍. ഇതല്ലേല്‍ പിന്നെ വല്ല മന്ത്രിമാരും കാലം ചെയ്യണം. സ്കൂള്‍ മുടക്കം ആണെന്ന് ഉറപ്പിച്ചു കഴിഞ്ഞാല്‍ പിന്നെ യൂണിഫോം ഊരി വലിച്ചെറിയുന്നതിനു ഒരു പ്രത്യേക ഉത്സാഹം തന്നെയാണ് . അന്നെല്ലാം നീണ്ട 10 ദിവസത്തെ വെക്കേഷനേക്കാള്‍ കൂടുതല്‍ സന്തോഷം തന്നിരുന്നത് വീണു കിട്ടിയിരുന്ന ഇത്തരം അവധികളാണ് .
ഞങ്ങള്‍ക്ക് മാത്രം അവധി ഉള്ള ചില ദിവസങ്ങളില്‍ ഞാനും എന്റെ കസിന് റിജാഷും കൂടി അവന്റെ ഉമ്മ പഠിപ്പിക്കുന്ന കാട്ടകാമ്പാല്‍ LP സ്കൂളില്‍ പോകും. സ്കൂള്‍ വാനില്‍ കയറി ഉന്തി തള്ളി ഇരുന്നു ദൂരെ ടൗണിലുള്ള ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ പോയിരുന്ന ഞങ്ങള്‍ക്ക് അന്നേ ദിവസം കാണുകേം കേള്‍ക്കുകേം ചെയ്തിരുന്നതെല്ലാം ഒത്തിരി വ്യത്യസ്ത വിശേഷങ്ങള്‍ തന്നെ ആയിരുന്നു.
വീട്ടില്‍ നിന്നും നടന്നാണ് പോകുന്നത് . ബാഗ് എല്ലാം തോളത്തിട്ടുള്ള അന്നേ ദിവസത്തെ നടപ്പ് ഞങ്ങള്ക്കേന്തോ വല്യ കാര്യം പോലെയാണ്. വര്‍ഷത്തില്‍ വിരലില്‍ എണ്ണാവുന്ന ദിവസങ്ങള്‍ മാത്രമേ ഞങ്ങള്‍ക്ക് നാട്ടിന്‍പുറത്തെ സ്കൂളിലേക്കുള്ള ഈ യാത്ര തരമാകാറുള്ളൂ . അതു കൊണ്ട് തന്നെ ഒരുല്ലാസ യാത്ര പോകുന്ന മാതിരി സന്തോഷം ഒക്കെയാണ് ഞങ്ങളുടെ മുഖത്ത് . വീട്ടില്‍ നിന്നും അല്പദൂരം നടന്നു കഴിഞ്ഞാല്‍ അമ്പലനട തുടങ്ങുകയായി. അമ്പലനടയിലെ പച്ച പുല്ലിലൂടെ യൂണിഫോം ഇട്ട കൊച്ചു കൊച്ചു കൂട്ടങ്ങള്‍ രാവിലെ ചായ കഴിച്ചതിന്റേയും ഉച്ചക്ക് കഴിക്കാന്‍ ചോറ്റു പാത്രത്തില്‍ ഉള്ള ഉപ്പേരിയുടേയും വിവരണങ്ങള്‍ നൊട്ടിനുണഞ്ഞു നടന്നു നീങ്ങുന്നത് കാണുവാന്‍ ഒരു ചേല് തന്നെയാണ്. ഇതിനിടയില്‍ വേറിട്ടൊരു കാഴ്ച എന്നു പറയുന്നത് നാട്ടിലെ പ്രധാന കറവക്കാരന് ആയിരുന്ന കുമാരേട്ടന്റെ മേല്‍നോട്ടത്തില്‍ നീങ്ങുന്ന ഒരു കൂട്ടം ആണ്. രാവിലത്തെ ഈ യാത്രയില്‍ കുമാരേട്ടന്റെ കൂടെ പശുക്കള്‍ക്ക് പകരം സ്കൂള്‍ കുട്ടികള്‍ ആണ് ഉണ്ടാകുക. കുട്ടികളെ സ്കൂളില്‍ കൊണ്ട് ചെന്നാക്കുകേം വൈകീട്ട് അവിടുന്നും തിരിച്ചു വീടിലെത്തികുന്നതും കുമാരേട്ടന്റെ ഒരു സൈഡ് ബിസിനസ് ആണ് . ഈ കൂട്ടത്തില്‍ പെട്ട ഒട്ടു മിക്ക പിള്ളേരുടേയും പുസ്തകസഞ്ചി കുമാരേട്ടന് സ്വന്തം തോളില്‍ തൂക്കിയിടും. ഒരിടയന്‍ തന്റെ ആട്ടിന്‍പറ്റത്തെ കൂട്ടം തെറ്റാതെ കൊണ്ട് നടക്കുന്ന ശൈലിയില്‍ കുമാരേട്ടന് ആ കുരുന്നുകളെ അതീവശ്രദ്ധയോടെ കൂടെ കൊണ്ട് നടക്കും.
ഒരു സ്ലേറ്റ് , അതിനു മുകളില്‍ പുസ്തകങ്ങള്‍ വെച്ച് ഒരു റബ്ബര്‍ ബാന്റ് കൊണ്ട് തലങ്ങും വിലങ്ങും ചുറ്റി നല്ല ടമ്പറില് ടൈറ്റ് ചെയ്ത് വെച്ചിട്ടുള്ളതാണ് കുറേ പേരുടെ പുസ്തകസഞ്ചി എന്നു പറയുന്നത്. ട്രൗസറിന്റെ ഒരു പോക്കറ്റില്‍ സ്ലേറ്റ് പെന്‍സിലും സ്ലേറ്റ് മായ്കാനുള്ള മഷിതണ്ടും കുത്തിനിറച്ച് വെച്ചിരിക്കും. മറ്റേ പോക്കറ്റില്‍ ഒരു കൊച്ചു പേപ്പറില്‍ പൊതിഞ്ഞ കുറച്ച് ഉപ്പും !! അതിന്റെ ഉപയോഗം എന്തിനാണെന്ന് പിന്നെ പറയാം. ഇത്തരം പുസ്തകസഞ്ചിയും മഷിത്തണ്ടുമെല്ലാം ഞങ്ങള്‍ കൗതുകത്തോടെ നോക്കി കൊതി പിടിച്ചിരിക്കും.
സ്ലേറ്റ് എടുത്തു വെച്ച് പുസ്തകത്തില്‍ എഴുതുന്ന സമയത്ത് ഞങ്ങള്‍ അല്പം നല്ല രീതിയില്‍ തന്നെ അടുത്തിരിക്കുന്നവരുടെ ശ്രദ്ധയെ ആകര്‍ഷിക്കും. പരിമളം പരത്തുന്ന റബ്ബര്‍ പുറത്തെടുത്ത് ഞങ്ങള്‍ മായ്ച്ചത് തന്നെ വീണ്ടും വീണ്ടും മായ്ക്കും. ചെരിച്ചു പിടിച്ചാല്‍ ചിത്രങ്ങള്‍ മാറി മറിഞ്ഞു വരുന്ന സ്കെയില്‍ എടുത്ത് പിന്നെയും പിന്നെയും മാര്‍ജിന്‍ വരക്കും. കൊതിയോടെ ഒളികണ്ണുകള്‍ ഞങ്ങളേയും വട്ടമിട്ട് പറന്നു നടക്കും.
ഡ്രില്‍ പിരിയഡ് ആയി കഴിഞ്ഞാല്‍ പിന്നെ എല്ലാരും കൂടി സ്കൂള്‍ മുറ്റത്തേക്ക് ഒരു ചാട്ടം ആണ് . എന്റെ സ്കൂളിലാണേല് ആദ്യം മാഷ് വരാന്‍ കാത്തിരിക്കണം. അങ്ങേര് വന്ന് എല്ലാരേം വരിവരിയായി ഗ്രൗണ്ടിലേക്ക് മാര്‍ച്ച് ചെയ്യിപ്പിക്കും. തുടര്‍ന്ന് അറ്റെന്‍ഷന്‍ സ്റ്റാണ്ട് അറ്റ് ഈസ് പ്രകടനങ്ങള്‍ ആണ് . ആറ്റു നോറ്റു കിട്ടുന്ന ഈ ഒരു പിരിയഡിലെ പകുതി സമയം അപ്പോഴേക്കും തീര്‍ന്നിരിക്കും. ബാക്കി കിട്ടുന്ന സമയം തന്നെ നിയന്ത്രണ രേഖകള്‍ക്കുള്ളില്‍ നിന്നും എന്തേലും കളിച്ചു തീര്‍ക്കണം. എന്നാല്‍ ഈ കൊച്ചു സ്കൂളില്‍ ഈ വക ചടങ്ങൊന്നുമില്ല. ആണ്‍കുട്ടികള്‍ കുടുതലും കോട്ടി ( ഗോലി ) കളിയും കുട്ടിയും കോലും കള്ളനും പോലീസും കളിയും ഒക്കെയായി നീങ്ങും. കോട്ടി കളി വിരുതന്മാര് ആവശ്യത്തിനുള്ള കോട്ടികള്‍ വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ തന്നെ ബാഗിലും ട്രൗസറിന്റെ പോക്കറ്റിലും ആയി കരുതിയിരിക്കും. കോട്ടികള്‍ മനപൂര്‍വ്വം തന്നെ കുലുക്കി ശബ്ദമുണ്ടാക്കി കൊണ്ടാണ് ലവന്മാരുടെ സ്കൂളിലേക്കുള്ള നടപ്പ് . അതെല്ലാം അന്നത്തെ വല്യ കലിപ്പ് സ്റ്റൈല്‍ തന്നെ ആയിരുന്നു :) . ഇതേ സമയം തന്നെ പെണ്‍കുട്ടികള്‍ ഏതേലും വരാന്ത മൂലയില്‍ ഒതുങ്ങിയിരുന്നു കല്ലു കളിച്ചു രസിക്കും. അതില്‍ വൈഭവം കുറഞ്ഞവര്‍ കൊച്ചന് കുത്തി ചാടി നടക്കും...
മഴക്കാലം ആണേല്‍ അടച്ചിടാന്‍ ജനാലയും കതകും ഒന്നും ഇല്ലാത്തതോണ്ട് നല്ലൊരു കാറ്റ് ആഞ്ഞു വീശിയാല്‍ തണുത്ത മഴത്തുള്ളികള്‍ ഞങ്ങളെ എല്ലാം ചെറുതായൊന്നു നനക്കും. അങ്ങനെ നനയാന്‍ ഞങ്ങള്‍ക്കും ഇഷ്ടമാണ് . ഈ തക്കം നോക്കി തന്നെ ക്ലാസ്സിലെ ടീച്ചര്‍ അടുത്ത ക്ലാസ്സിലെ ടീച്ചറെ വിളിച്ച് വാതില്കല് ചാരി നിന്നോണ്ട് വീട്ടില്‍ മുറ്റത്ത് ഒണക്കാനിട്ടത് മുഴുവന്‍ നനഞ്ഞു കാണുമെന്നും മറ്റുമുള്ള വേവലാധികളും വിശേഷങ്ങളും പറച്ചില് തുടങ്ങിയിട്ടുണ്ടാകും. തവണ വ്യവസ്തയില്‍ തുണിത്തരങ്ങള്‍ വില്കാന് വരുന്ന തമിഴന് ഈ ആഴ്ച കൊണ്ടു വന്ന പുതിയ ഐറ്റംസിനെ കുറിച്ചുള്ള വിലയിരുത്തലുകളും അവര്‍ ഗൗരവപൂര്‍വ്വം തന്നെ നടത്തും. ഓട്ടിന്‍പുറത്ത് മഴത്തുള്ളികള്‍ വന്നു വീഴുന്ന ശബ്ദവും പിള്ളേരുടെ കലപിലയും എല്ലാം കൂടി വല്ലാതെ ശബ്ദമുഖരിതമായിരിക്കും അന്തരീക്ഷം. എന്നാല്‍ ഇതേ സമയം എന്റെ സ്കൂളിലായിരുന്നെങ്കില് ജാലകങ്ങളെല്ലാം തന്നെ അടച്ചിട്ട് പാതി ഇരുട്ടു മൂടിയ ക്ലാസ്സ് റൂമില്‍ സംസാരിക്കുന്നവരുടെ പേരെഴുതാന്‍ ആര്‍ത്തിയോടെ നോക്കി നില്ക്കുന്ന ക്ലാസ്സ് ലീഡറുടെ സാന്നിധ്യത്തില്‍ ഞങ്ങളും ടീച്ചറും മുഖത്തോടു മുഖം നോക്കി വല്ലാത്ത ഒരു വീര്‍പ്പുമുട്ടലോടെ ഇരിപ്പുണ്ടാകും..
4 മണിക്ക് സ്കൂള്‍ വിട്ടാല്‍ രാവിലെ വന്ന വഴിക്കായിരിക്കില്ല ആണ്‍കുട്ടികള്‍ വീട്ടില്ലേക്ക് തിരിച്ച് പോകുന്നത് . ഏതൊക്കെ പറമ്പില്‍ നല്ല മാവോ ഞാവല്‍ മരമോ ഉണ്ടോ, അവിടെയെല്ലാം കയറിയിറങ്ങിയേ അവര്‍ വീട്ടിലെത്തൂ. കല്ലെറിഞ്ഞും മരത്തേല് കയറി പൊട്ടിച്ചും കിട്ടുന്ന ഐറ്റംസ് രുചിയോടെ തിന്നാന്‍ വേണ്ടിയാണ് രാവിലെ തന്നെ ട്രൗസറിന്റെ പോക്കറ്റില്‍ ഇവന്മാര് ഉപ്പ് കരുതുന്നത്. ഇതിനു പുറമെ വഴിയരികിലൂടെ ഒഴുകുന്ന ചാലുകളിലൂടെ എല്ലാം ഇവന്മാരുടെ നോട്ട് ബുക്കിലെ പേജുകള്‍ വഞ്ചികളായി ഒഴുകി നടക്കും.
മറ്റൊരു പ്രധാന വിനോദം എന്നു പറയുന്നത് നടന്നു പോകുന്ന വഴിവക്കിലുള്ള കമ്മ്യുണിസ്റ്റ് പച്ചയുടെ ഇലകള്‍ പൊട്ടിച്ചെടുത്ത് ഒച്ചയുണ്ടാക്കി കളിക്കലാണ് .ഇടതു കയ്യിലെ തള്ളവിരലും ചൂണ്ടുവിരലും മുട്ടിച്ച് വട്ടത്തില്‍ പിടിച്ച് അതിനു മുകളില്‍ കമ്മ്യുണിസ്റ്റ് പച്ചയുടെ ഇല വെക്കും, എന്നിട്ട് വലതു ഉള്ളം കൈ കൊണ്ട് അതിന്മേല് അടിക്കും."ഠോ..." എന്നൊരു മധുരമായ ശബ്ടം വരാനുണ്ട്. ഈ ഒച്ച സ്കൂള്‍ വിട്ട് കുട്ടികള്‍ നടന്നു പോകുന്ന വഴികള്‍ നീളെ കേള്‍ക്കുന്നുണ്ടാകും. അന്നെല്ലാം കളിക്കുമ്പോളോ മറ്റോ എന്തെങ്കിലും മുറിവ് പറ്റികഴിഞ്ഞാല്‍ അദ്യം തന്നെ ചെയ്യുന്നത് രണ്ടോ മൂന്നോ കമ്മ്യുണിസ്റ്റ് പച്ചയുടെ ഇലകള്‍ പൊട്ടിച്ച് ഉള്ളം കയ്യിലിട്ട് തിരുമ്മി അതിന്റെ ചാറ് മുറിവില്‍ പുരട്ടുകയാണ് . മുറിവുണങ്ങുന്നതിന് ഇത്രയും നല്ലൊരു മരുന്ന് ഞാന്‍ എന്റെ ജീവിതത്തില്‍ വേറെ കണ്ടിട്ടില്ല. ഇന്നും നാട്ടില്‍ വെച്ച് തട്ടിയോ മുട്ടിയോ വല്ല മുറിവും പറ്റിയാല്‍ ഞാന്‍ ആദ്യം കമ്മ്യുണിസ്റ്റ് പച്ച തിരയും, പക്ഷേ ഇന്ന് നാട്ടിലെ ഇടവഴികളില്‍ കമ്മ്യുണിസ്റ്റ് പച്ച കണ്ടു കിട്ടണേല്വല്ല്യ പാടാണ് , പണ്ടത്തെ അത്ര സുലഭമല്ല :(
ഊരുതെണ്ടല് മൊത്തം കഴിഞ്ഞ് പോണ വഴിക്കുള്ള പെട്ടിക്കടയില്‍ കയറി 10 പൈസക്ക് 2 പുളിയച്ചാറും വാങ്ങി ഒരുമിച്ചു വായിലിട്ട് വീട്ടിലെത്തുമ്പോഴേക്കും മാങ്ങ ചാറ് ഒലിച്ചും ഞാവല്‍ കറ വീണും കൂടാതെ നാട്ടിടവഴികളിലുള്ള മുഴുവന്‍ മണ്ണും ചാണകവും സഹിതം പറ്റിയും യൂണിഫോമെല്ലാം അങ്ങ് കളര്‍ഫുള്‍ ആയിട്ടുണ്ടാകും.
ഇതെല്ലാം കണ്ടും ആസ്വധിച്ചും തിരിച്ചു വീട്ടില്‍ എത്തികഴിഞ്ഞാല്‍ മനസ്സില്‍ ചെറിയൊരു വിഷമം തങ്ങി നില്പുണ്ടാകും നാളെ വീണ്ടും ഡ്രെസ്സ് ഇന്‍സൈഡ് ചെയ്തു റ്റൈ കെട്ടി ഷൂവും സോക്സും ഇട്ട് സ്കൂള്‍ വാനില്‍ കയറി തിക്കി തിരക്കി എന്റെ സ്വന്തം ബൂര്‍ഷ്വാ സ്കൂളിലേക്ക് പോകേണ്ട അവസ്ഥ മനസ്സില്‍ ഓര്‍ത്തു മാത്രം...

Comments
expecting more writings....
Good work ........
കമന്റ് സെറ്റിങ്ങില്‍ പോയി വേര്‍ഡ് വെരിഫിക്കാഷന്‍ എടുത്തു കളഞ്ഞാല്‍ നന്നായിരിക്കും.